കൊൽക്കത്ത: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെട്ടവർക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത്. ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെടുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കാത്തവരാണ്, അത് ശരിയല്ല എന്ന് പറഞ്ഞ ഭാഗവത് വിവാഹം കഴിക്കാൻ താത്പര്യമില്ലെങ്കിൽ സന്യാസികളാകാം എന്നും പറഞ്ഞു. വിവാഹവും കുടുംബവുമാണ് ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനം. വ്യക്തിഗത സൗകര്യങ്ങളിലേക്കോ ശാരീരിക തൃപ്തിയിലേക്കോ അത് ചുരുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ട കാര്യമാണിത് എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. പ്രതിബദ്ധതയില്ലാത്ത ബന്ധങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്തത് ശരിയല്ല. സമൂഹത്തിൽ ജീവിക്കാൻ പഠിക്കുന്ന ആദ്യ യൂണിറ്റ് കുടുംബമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹം വ്യക്തിഗത ക്രമീകരണം മാത്രമല്ല, അത് സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സാമൂഹിക സ്ഥാപനമാണെന്നും ഭാഗവത് പറഞ്ഞു. “വിവാഹം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ട്. അങ്ങനെയുള്ളവർക്ക് സന്ന്യാസമാർഗം പോലും തിരഞ്ഞെടുക്കാം. എന്നാൽ ഉത്തരവാദിത്തവും ശാസനയും രണ്ടും ഒഴിവാക്കുന്നത് സമൂഹം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് ഉയർത്തുന്നത്.
ജനസംഖ്യാ വിഷയത്തിൽ, കുടുംബത്തിന്റെ വലിപ്പം സംബന്ധിച്ച തീരുമാനങ്ങൾ കർശനമായ ഫോർമുലകളിലൂടെ നിർബന്ധിക്കാതെ കുടുംബങ്ങൾക്കും സമൂഹത്തിനും വിട്ടുകൊടുക്കണമെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഡോക്ടർമാർ, മനശ്ശാസ്ത്രജ്ഞർ, ജനസംഖ്യാ വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചകളെ പരാമർശിച്ച അദ്ദേഹം, നേരത്തെയുള്ള വിവാഹങ്ങളും വലിയ കുടുംബങ്ങളും പലപ്പോഴും നല്ല ആരോഗ്യഫലങ്ങളോടും സാമൂഹിക സമതുലിതാവസ്ഥയോടും ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് അഹങ്കാര നിയന്ത്രണം പഠിക്കാൻ സഹായിക്കുമെന്ന് മനശ്ശാസ്ത്രജ്ഞർ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 19 മുതൽ 25 വരെയുള്ള പ്രായത്തിൽ വിവാഹം നടക്കുകയും മൂന്ന് കുട്ടികൾ ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആർഎസ്എസ് രാഷ്ട്രീയമല്ല, സാമൂഹിക മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് ആവർത്തിച്ച ഭാഗവത്, തെറ്റായ പ്രചാരണങ്ങളാൽ സംഘടനയെക്കുറിച്ച് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































