ഖാർത്തൂം: തെക്കൻ സുഡാനിലെ നഴ്‌സറി സ്‌കൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 43 കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെടെ 79 പേർ കൊല്ലപ്പെട്ടു. കോർഡോഫാൻ സംസ്ഥാനത്തെ കലോജിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സുഡാനിൽ വിമതസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
സുഡാനിലെ സാധാരണക്കാർക്കെതിരേ ഭീകരരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നടത്തുന്ന വംശഹത്യ അപലനീയമാണ്. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ സഹായിക്കാൻ ഓടിയെത്തിയ സമീപവാസികളേയും ആർഎസ്എഫ് ആക്രമിച്ചുവെന്നു മന്ത്രാലയം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സർക്കാരിന്റെ അധീനതയിൽനിന്ന് പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ എൽ-ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചെടുത്തത്. അതോടൊപ്പം തന്നെ കൂട്ടക്കൊലകളും അരങ്ങേറി.
ആക്രമണം രൂക്ഷമായതോടെ പതിനായിരക്കണക്കിനാളുകൾ ജീവനുംകൊണ്ട് പലായനം ചെയ്തു. വലിയ കൂട്ടക്കുഴിമാടങ്ങൾ ഒരുക്കിയാണ് ആർഎസ്എഫ് കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത്. അതേസമയം, കൂട്ടക്കൊലയുടെ തെളിവുകൾ നശിപ്പിക്കാൻ ആർഎസ്എഫ് ശ്രമിച്ചവെന്ന് യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നഥാനിയേൽ റെയ്മണ്ട് അൽ ജസീറയോട് പറഞ്ഞു. ഗാസയിൽ കഴിഞ്ഞ രണ്ട് വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ 10 ദിവസത്തിനുള്ളിൽ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്ന് റെയ്മണ്ട് കൂട്ടിച്ചേർത്തു.
ഏതാനും ദിവസം മുൻപ് റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ കൂട്ടക്കൊലയുടെ തെളിവുകൾ പുറത്തുവന്നിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളും നഗരത്തിൽ പലയിടത്തും രക്തച്ചാലുകളും ചിത്രങ്ങളിൽ തെളിഞ്ഞിരുന്നു. ആർഎസ്എഫ് നഗരം പിടിച്ചെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകൾ നഗരത്തിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വിചാരണയില്ലാത്ത കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, കൂട്ടക്കൊലകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദൃക്‌സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു.
അതേസമയം എൽ ഫാഷറിന്റെ പതനത്തോടെ സായുധകലാപം സുഡാനിലെ മറ്റു പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 2023 ഏപ്രിലിൽ സുഡാനീസ് സായുധ സേന നേതാവ് ജനറൽ അബ്ദേൽ ഫത്താഹ് അൽ ബുർഹാനും ആർഎസ്എഫ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിൽ പിണങ്ങിയതിന് പിന്നാലെയാണ് നരവേട്ട രൂക്ഷമായത്. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വർണ്ണ ഉത്പാദകരായ സുഡാനിലെ സ്വർണ്ണമാണ് ആർഎസ്എഫിന് ഇന്ധനം നൽകുന്നത്. ദാർഫറിലെ ഈ ഖനികൾ നിയന്ത്രിക്കുന്ന ആർഎസ്എഫ് കോടികൾ സമ്പാദിക്കുന്നു. പകരം ആയുധങ്ങളും ഡ്രോണുകളും സംഘടിപ്പിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.


















































