ബാലരാമപുരം: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്.
ആദ്യ അപകടമുണ്ടായത് കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയാണ്. നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി.ആർ. നിലയത്തിൽ രാജൻ–ബീന ദമ്പതികളുടെ മകൻ അഖിൽ (19), കളത്തുവിള പൂവൻവിള വീട്ടിൽ തങ്കരാജ്–ശ്രീജ ദമ്പതികളുടെ മകൻ സാമുവൽ (22) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റസൽപുരം തേവരക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ ഷൈജു–സീമ ദമ്പതികളുടെ മകൻ അഭിൻ(19) ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
അതേ സമയം ബാലരാമപുരത്തുണ്ടായ അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചാണ് മുടവൂർപാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ്– ഉഷ ദമ്പതികളുടെ മകൻ മനോജ് (26) മരിച്ചത്. രാത്രി 12.45ന് ആണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ ബാലരാമപുരത്തേക്കു പോയി മടങ്ങുകയായിരുന്നു ഇലക്ട്രീഷ്യനായ മനോജ്. സഹോദരൻ: ശിവൻ.
ഐടിഐ പഠനം പൂർത്തിയാക്കി പിഎസ്‌സി പരിശീലനം നടത്തുകയായിരുന്നു അഖിൽ. അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാൻ ബാലരാമപുരത്ത് എത്തിയതായിരുന്നു. സഹോദരി: അഖില. പന്തൽ നിർമാണ തൊഴിലാളിയാണ് സാമുവൽ. സനിത, സബിത എന്നിവർ സഹോദരിമാരാണ്. അഭിൻ പ്ലസ് ടു പഠനം പൂർത്തിയാക്കി. സഹോദരി: അഭിയ. അഭിന്റെ സംസ്കാരം ഇന്നു നടക്കും. മറ്റു 3 പേരുടെയും സംസ്കാരം നടത്തി.