ശബരിമല: ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേകിട്ടൂ. ഇത് സംബന്ധിച്ച് അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു. അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചത്.
ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരാണ് കൂടുതൽ അരവണ വാങ്ങുന്നത്. കൂടുതൽ വാങ്ങുമ്പോൾ ബോക്‌സിൽ നൽകാൻ സാധിക്കുന്നില്ല. ഇതിന് പുറമേ അരവണ കൂടുതൽ വിറ്റഴിക്കുന്നുമുണ്ട്. നേരത്തെ സ്റ്റോർചെയ്തുവെച്ച അരവണയിൽനിന്ന് ഇപ്പോൾ ഒരു ലക്ഷത്തോളം ടിൻ ദിവസേന എടുക്കുന്നുണ്ട്. ഇത്തരത്തിൽ വിറ്റുകഴിഞ്ഞാൽ കുറച്ചുദിവസം കഴിയുമ്പോൾ വിതരണം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും ദേവസ്വം ബോർഡിന് ആശങ്കയുണ്ട്.
സാധാരണനിലയിൽ ഒരുദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ നാല് ലക്ഷം അരവണയാണ് ഒരു ദിവസം വിറ്റഴിക്കുന്നത്.



















































