ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ നിടപാട് കടുപ്പിച്ച് ഇന്ത്യ. രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഇന്ത്യൻ വ്യോമസേന തയാറായി കഴിഞ്ഞു. മേഖലയിൽ ബുധനാഴ്ച രാത്രി 9 മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ 3 മണിവരെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ഈ സമയത്ത് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും വ്യോമസേനാ അധികൃതർ നിർദേശിച്ചു.
അതേസമയം ബുധനാഴ്ച രാജ്യത്തു മോക്ട്രിൽ സംഘടിപ്പിക്കും. രാജ്യത്തെ 244 സിവിൽ ഡിഫൻസ് ജില്ലകളിൽ മോക്ഡ്രിൽ നടത്തുന്നതിനൊപ്പമാണ് അതിർത്തിയിൽ വൻ വ്യോമാഭ്യാസത്തിന് സേന ഒരുങ്ങുന്നത്. കൂടാതെ സിന്ധുനദി ജല കരാർ മരവപ്പിക്കലിൽ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തി. ഇന്ത്യയുടെ വെള്ളം രാജ്യത്തിന് ഉള്ളത് തന്നെയെന്നാണ് ഒരു ഹിന്ദി ചാനൽ പരിപാടിയിൽ നരേന്ദ്ര മോദി പറഞ്ഞത്. ‘‘ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. എന്നാൽ, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും.’’ – മോദി വ്യക്തമാക്കി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് മോദി – ഡോവൽ കൂടിക്കാഴ്ച.