കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരൻറെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. തലശേരി കുയ്യാലി പുഴയിൽ കണ്ടെത്തി അജ്ഞാത മൃതദേഹം കാണാതായ പ്രമോദിൻറേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മൃതദേഹത്തിൻറെ ഫോട്ടോ കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് മൃതദേഹം പ്രമോദ് തന്നെയാണെന്ന് ഉറപ്പിച്ചത്.
കഴിഞ്ഞ 9ന് കോഴിക്കോട് കരിക്കാംകുളം ഫ്ലോറിക്കൻ റോഡിൽ മൂന്നു വർഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ രണ്ട് മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണം ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം കൂടെ താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ സംഭവത്തിനുശേഷം കാണാതായിരുന്നു.
ഇതിനിടെ പ്രമോദിനായി ലുക്ക്ഔട്ട് സർക്കുലർ ഇറക്കി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് കാണാതായ പ്രമോദിൻറേതാണെന്നുതന്നെ ആദ്യം സംശയിച്ചിരുന്നു. തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ചേവായൂർ പോലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 62 വയസുള്ള പ്രമോദിൻറേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. ഇതിന് കഴിയാത്തതിനെ തുടർന്ന് രണ്ടുപേരെയും പ്രമോദ് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തൽ.
സഹോദരിമാരെ ഏറെ ഇഷ്ടമായിരുന്ന പ്രമോദ് വിവാഹം പോലും വേണ്ടെന്നു വച്ചായിരുന്നു ഇരുവരേയും പരിചരിച്ചിരുന്നത്. മൃതദേഹം തിരിച്ചറിഞ്ഞുവെന്നും പ്രമോദ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഇളയ സഹോദരി വാസന്തി പ്രതികരിച്ചു. മരിക്കുകയാണെങ്കിൽ മൂന്നു പേരും കൂടി ഒരുമിച്ച് എന്ന് ഇടയ്ക്ക് അവൻ പറയുമായിരുന്നു. ജീവിതം മടുത്തു കാണും, അതായിരിക്കും അങ്ങനെ ചെയ്തത്- സഹോദരി പറഞ്ഞു.