കണ്ണൂർ: ഡിജിപിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പുതിയ ഡിജിപിയുടെ നിയമനം നടന്നിരിക്കുന്നത് ചട്ടപ്രകാരമാണ്. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനമെന്നും രാഗേഷ് പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്നും കെകെ രാഗേഷ് പറഞ്ഞു. ഈ നാടിനെ കുറിച്ച് അറിയാതെയാണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി എഎസ്പിയായി തലശേരിയിൽ ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ കാണിച്ചു കെകെ രാഗേഷ് പറഞ്ഞു.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാർ സർക്കാരുകളുടെ കാലത്ത് റവാഡ ചന്ദ്രശേഖർ ജോലി ചെയ്തിട്ടുണ്ട്. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾക്കല്ല കണ്ടെത്തലുകൾക്കാണ് പ്രസക്തി. പി ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല. വാക്കുകൾ മാധ്യമങ്ങൾ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഡാലോചനയിൽ റവാഡക്ക് പങ്കില്ല. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അങ്ങനെ ആണ് പറയുന്നത്. അതിനാൽ വിവാദം ഉണ്ടാകേണ്ട കാര്യമില്ല- കെ കെ രാഗേഷ് അഭിപ്രായപ്പെട്ടു.