ചെന്നൈ: ഒഎംആർ തുരൈപ്പാക്കത്ത് ജോലി കഴിഞ്ഞു മടങ്ങവേയുണ്ടായ അതിക്രമശ്രമം സധൈര്യം നേരിട്ട് മലയാളി ഐടി ജീവനക്കാരി. മനഃസാന്നിധ്യം കൈവിടാതെ പൊലീസ് സഹായം തേടിയതോടെ മണിക്കൂറുകൾക്കകം അക്രമി പിടിയിലായി. തുരൈപ്പാക്കത്തെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയെ അക്രമി കയറിപ്പിടിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചാണ് യുവതി രക്ഷപ്പെട്ടത്. യുവതിയുടെ പരാതിയിൽ കേസെടുത്ത തുരൈപ്പാക്കം പൊലീസ്, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഹോട്ടലിലെ തൊഴിലാളിയായ രാമനാഥപുരം സ്വദേശി എ.ലോകേശ്വരനെ അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ പിന്തുടർന്നാണ് ലോകേശ്വരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി വേഗത്തിൽ താമസ സ്ഥലത്തെത്താൻ ശ്രമിച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത്‌വച്ച് കയറിപ്പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വായ് പൊത്തിയ ശേഷം റോഡിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ യുവതി അക്രമിയുടെ കൈ കടിച്ചു മുറിക്കുകയായിരുന്നു. മുറിവേറ്റ അക്രമി കൈ പിൻവലിച്ചതോടെ യുവതി ശബ്ദമുയർത്തി, സമീപവാസികൾ വന്നതോടെ ലോകേശ്വരൻ സ്ഥലത്തുനിന്ന് കടന്നു.
പൊലീസിനെ കണ്ട് കടന്നുകളയാനുള്ള ശ്രമത്തിനിടെ വീണ് ലോകേശ്വരന്റെ കയ്യൊടിഞ്ഞു. ഹോട്ടലിൽ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന യുവതിയെ ഇയാൾ മുൻപു തന്നെ നോട്ടമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരു വയോധികയ്ക്കെതിരെയും ഇയാൾ ലൈംഗികാതിക്രം നടത്തിയതായി പൊലീസ് കണ്ടെത്തി.