തിരുവനന്തപുരം: ഇന്ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ റമദാന്‍ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.
സൗദി അറേബ്യയില്‍ ഇന്ന് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കും. ചന്ദ്രപ്പിറവി ദൃശ്യമായാല്‍ നാളെ റമദാനും വ്രതത്തിനും തുടക്കമാകും. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ഞായറാഴ്ചയാകും നോമ്പിന് തുടക്കമാവുക. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇത്തവണ തണുപ്പിലാണ് റമദാനെ സ്വീകരിക്കുക.
സൗദിയില്‍ ഇന്ന് ശഅ്ബാന്‍ 29 ആണ്. രാജ്യത്തുടനീളം ഇന്ന് മാസപ്പിറവി നിരീക്ഷണത്തിന് ആഹ്വാനമുണ്ട്. റിയാദിലും തബൂക്കിലുമുള്‍പ്പെടെ മാസപ്പിറവി നിരീക്ഷണത്തിന് സൗകര്യമൊരുക്കി കഴിഞ്ഞു. റിയാദില്‍ വൈകീട്ട് 6.27നാണ് ചന്ദ്രാസ്തമയം. അതായത് സൂര്യന്‍ 5.55ന് അസ്തമിച്ച് അര മണിക്കൂര്‍ കഴിഞ്ഞേ ചന്ദ്രന്‍ അസ്തമിക്കൂ. ഗോളശാസ്ത്ര പ്രകാരവും നാളെ റമദാന്‍ ഒന്ന് ആണ്.