പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ കോട്ടുവായയിട്ട ശേഷം വായ അടയ്ക്കാനാകാതെ ട്രെയിൻ യാത്രികൻ. ഡിബ്രുഗഢ്–കന്യാകുമാരി വിവേക് എക്സ്പ്രസിലെ യാത്രക്കാരനായ, ബംഗാൾ സ്വദേശി അതുൽ ബിശ്വാസിനാണ് (27) യാത്രയ്‌ക്കിടെ, കീഴ്‌ത്താടി വിട്ടുപോകുന്ന മാൻഡിബുലാർ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയുണ്ടായത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതുൽ നാട്ടിലേക്ക് പോവുകയായിരുന്നു.
കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ യാത്രക്കാരന് തുണയായത് പാലക്കാട് റെയിൽവേ ആശുപത്രി ഡിഎംഒ ഡോ. ജിതിൻ. ശനിയാഴ്ച പുലർച്ചെ 2.30-ന് തീവണ്ടി പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം. ഉടൻതന്നെ കൂടെയുണ്ടായിരുന്ന യാത്രക്കാരനൊപ്പം റെയിൽവേസ്റ്റേഷനിലിറങ്ങി റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന്, ഡിഎംഒ ഡോ. ജിതിൻ സ്ഥലത്തെത്തി വൈദ്യസഹായം നൽകി.
തുടർന്നു ഇതേ ട്രെയിനിൽ തന്ന അതുൽ നാട്ടിലേക്കു യാത്ര തുടർന്നു. താടിയെല്ലിനെ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന സന്ധിയായ ടെംപൊറോമാൻഡിബുലാർ ജോയിന്റിന് സംഭവിച്ച തകരാർമൂലം കോട്ടുവായിട്ടപ്പോൾ സാധാരണയേക്കാൾ കൂടുതൽ വായ തുറക്കുകയും താടിയെല്ല് (മാൻഡിബിൾ) സന്ധിയുടെ കുഴിയിൽ (സോക്കറ്റ് )നിന്ന് മുന്നോട്ട് തെന്നിമാറി കുടുങ്ങിപ്പോയതാണ് അവസ്ഥയ്ക്ക് കാരണമായതെന്ന് ഡോ. ജിതിൻ പറഞ്ഞു.