തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിനു പിന്നിൽ സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയാണെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ രാഹുൽ വിഷയം സജീവമാക്കി നിർത്താനുള്ള തന്ത്രമാണിതെന്നു കോൺഗ്രസ് സംശയിക്കുന്നു. കഴിഞ്ഞ മാസം 27ന് രാഹുൽ ഒളിവിൽപോയതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. മാത്രമല്ല രാഹുൽ കർണാടകയിലാണെന്ന വിവരം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തെ കണ്ടുപിടിക്കാനാവുന്നില്ലെന്നാണു പോലീസും സർക്കാരും ഒരുപോലെ പറയുന്നത്.
ഇങ്ങനെ രാഹുലിന്റെ അറസ്റ്റ് വൈകിപ്പിച്ച്, വോട്ടെടുപ്പ് ദിനത്തിലോ തൊട്ടുമുൻപോ രാഹുലിനെ പിടികൂടി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയനീക്കമാണു സർക്കാർ നടത്തുന്നതെന്ന വികാരം കോൺഗ്രസിനുള്ളിൽ ശക്തമാണ്. ശബരിമല സ്വർണക്കൊള്ളയിൽ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ സർക്കാരിനു ലഭിച്ച പിടിവള്ളിയാണു രാഹുലെന്നും ആരോപണം ശക്തമാണ്.
അതേസമയം രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സിപിഎമ്മിനെക്കാൾ കോൺഗ്രസ് നേതാക്കളിൽ നിന്നാണ് ഉയരുന്നത്. പരാതി ലഭിക്കും മുൻപ് സസ്പെൻഡ് ചെയ്യുകയും പിന്നീട് പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തതോടെ രാഹുൽ വിഷയത്തിൽ തങ്ങൾക്കാവുന്നതെല്ലാം ചെയ്തെന്നാണ് കോൺഗ്രസ് പറയുന്നത്. പാർട്ടിയെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായമാണ്. നിയമം അതിന്റെ വഴിക്കുനീങ്ങട്ടെയെന്ന നിലപാടെടുത്ത കോൺഗ്രസ്, കേസിലെ അടുത്തഘട്ടമായ അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
ഒരു പ്രതിയെവിടെയുണ്ടെന്ന് ഏറ്റവും നന്നായി അറിയുന്നത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞുകഴിഞ്ഞു. ഇക്കാര്യമറിയാവുന്ന ഏകവ്യക്തി മുഖ്യമന്ത്രിയാണ്. സ്വർണക്കൊള്ള ജനങ്ങളുടെ മുന്നിലേക്കു വരാതിരിക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ രാഹുലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള പല കാര്യങ്ങളും നീട്ടിക്കൊണ്ടുപോകുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം തുടരും. വിഷയം ജനങ്ങളുടെ മുന്നിലെത്തിക്കും. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകും.

















































