തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസെടുത്ത് പോലീസ്. രാഹുലിനെതിരെ പരാതി നൽകിയ പരാതിക്കാരിയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചതിലാണ് സൈബർ പോലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കിയതിലാണ് നടപടി. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിൻറെ നടപടി.
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഫൈന്നി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി നൈനാന്റെ പേര് പരാമർശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച വിവരവും താൻ ഗർഭിണിയാണെന്ന വിവരവും ഫെന്നി നൈനാന് അറിയാമായിരുന്നുവെന്നാണ് മൂന്നാമത്തെ
പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്. അതേസമയം താൻ കഴിഞ്ഞ നവംബർ വരെ പരാതിക്കാരിയുമായി ചാറ്റ് ചെയ്തുവെന്നും അവർ രാഹുലിനെ കാണാൻ നിരന്തരമായി ആവശ്യപ്പെട്ടുവെന്നും ഫെനി സമൂഹമാധ്യമത്തിൽ കുറിച്ചു. കൂടാതെ പരാതിക്കാരിയുമായി നടത്തിയ ചാറ്റും ഫെനി പുറത്തുവിട്ടിരുന്നു.


















































