ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ഡൽഹിയിലെ കോൺഗ്രസിൻറെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സത്യം മുറുകെ പിടിച്ച് മോദി- അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. താങ്കൾ രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് കമ്മീഷനാണ്, ബിജെപിയുടെ അല്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
അതുപോലെ അമിത് ഷായ്ക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചു, എന്തുകൊണ്ട് തയാറാകുന്നില്ലെന്ന് രാഹുൽ ചോദിച്ചു. അമിത് ഷായുടെ കൈ വിറയ്ക്കുന്നത് കണ്ടില്ലേ. ഇവർ അധികാരത്തിൽ നിന്ന് പുറത്തായാൽ യഥാർത്ഥ അവസ്ഥ കാണാം. മോദിയും അമിത് ഷായും വോട്ട് മോഷ്ടിച്ച് അധികാരത്തിൽ വരികയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അങ്ങനെയുള്ള ഇവരെ രാജ്യത്തെ ജനങ്ങൾ സത്യത്തെ തിരിച്ചറിയുന്നു. സമയം എടുത്താലും രാജ്യത്ത് സത്യം ജയിക്കും. ഗാന്ധിജി തന്നെ ഇതിന് വഴി കാട്ടി തന്നിട്ടുണ്ട്. ആ വഴിയിലൂടെ വിജയം നേടുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. രാംലീല മൈതാനിയിൽ കോൺഗ്രസിന്റെ വോട്ട് ചോരി മെഗാ റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. കമ്മിഷനെതിരെ രാഷ്ട്രപതിക്ക് നൽകാൻ 5 കോടി പേർ ഒപ്പിട്ട നിവേദനം സ്റ്റേജിന് മുന്നിൽ ചാക്കുകളിലായി നിരത്തി വെച്ചിരിക്കുകയാണ് കോൺഗ്രസെന്നും പ്രിയങ്ക പറഞ്ഞു.

















































