ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുടങ്ങിവച്ച യുദ്ധം വിജയം കാണാതെ അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി തയ്യാറല്ല. തുടർച്ചയായ രണ്ടാം ദിവസവും തിരഞ്ഞെടുപ്പ് ക്രമക്കേടിൽ രാഹുൽ ഗാന്ധി ഈ രാജ്യത്തോട് സംസാരിച്ചു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ ഉള്ളത് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആയിരുന്നു. ഉത്തരം നൽകാതെ ഓടിയൊളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആയി രാഹുൽ ഗാന്ധി അഞ്ചു ചോദ്യങ്ങൾ ഈ രാജ്യം സാക്ഷി നിൽക്കെ ചോദിച്ചിരിക്കുന്നു.
1. എന്തുകൊണ്ടാണ് നിങ്ങൾ ഡിജിറ്റൽ വോട്ടർ പട്ടിക നൽകാൻ ഇനിയും വിസമ്മതിക്കുന്നത് ?
2. എന്തിന് വേണ്ടിയാണ് നിങ്ങൾ വീഡിയോ എവിഡൻസുകൾ നശിപ്പിക്കുന്നത് ?
3. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്നത് എന്തിനു വേണ്ടിയാണ് ?
4. പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ് ?
5. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനം എന്തിനാണ് കേവലം ബിജെപിയുടെ ഒരു ഏജന്റിനെ പോലെ പ്രവർത്തിക്കുന്നത് ?
ഉത്തരങ്ങൾ നൽകാതെ മൗനത്തിലാണ്ട് പോയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഈ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ഈ രാജ്യത്തിന് ചോദിക്കാനുള്ള 5 ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ചോദ്യങ്ങളിൽ നിന്ന് എങ്ങനെ ഒളിച്ചോടുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
രാഹുൽ ഗാന്ധി പുറത്തുവിട്ട, തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബിജെപിയുടെയും നെഞ്ചിടിപ്പ് ഒരുപോലെ കൂട്ടിയ ആ ആറ്റംബോംബ് എന്താണെന്ന് നമുക്ക് വിശദമായി ഒന്നു നോക്കാം:
താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളോട് ഒരു ബന്ധവും ഇല്ലാത്ത തെരഞ്ഞെടുപ്പ് റിസൾട്ട് വരാൻ തുടങ്ങിയതിൽ പിന്നെയാണ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആശങ്കകൾ തുടങ്ങിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ആ സംശയത്തെ ഊട്ടിയുറപ്പിച്ചു. മഹാരാഷ്ട്രയിൽ അഞ്ചു വർഷത്തിൽ ചേർക്കപ്പെട്ടതിനേക്കാളും വോട്ടുകൾ കേവലം അഞ്ചു മാസങ്ങൾക്കുള്ളിൽ ചേർക്കപ്പെട്ടു. വൈകുന്നേരം അഞ്ചരക്ക് ശേഷം പോളിങ്ങിൽ വലിയ വർദ്ധനവ്, എന്നാൽ അങ്ങനെ ഒരു തിരക്ക് മഹാരാഷ്ട്രയിൽ ഉണ്ടായിട്ടില്ല എന്ന് തറപ്പിച്ചു പറയുന്ന താഴെ തട്ടിലെ പ്രവർത്തകർ. ഇങ്ങനെ പല കാര്യങ്ങൾ ഉണ്ടായിരുന്നു മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെടാൻ.
ഇതിനെ തുടർന്ന് നാല് തവണ വോട്ടർപട്ടികകൾ നൽകണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുകൾ അയക്കുന്നു. എന്നാൽ ഡിജിറ്റൽ വോട്ടർ പട്ടികകൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുന്നില്ല, വീഡിയോ എവിഡൻസുമായി ബന്ധപ്പെട്ട നിയമങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റങ്ങൾ കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടികൾ കൂടിയായപ്പോൾ പ്രതിപക്ഷത്തിന് കാര്യങ്ങൾ ഏറെക്കുറെ അപ്പോൾ തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു. തുടർന്ന് കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ ലോകസഭയ്ക്ക് കീഴിലുള്ള മഹാദേവപുര എന്ന നിയമസഭ മണ്ഡലത്തിലെ കേന്ദ്രീകരിച്ച് കോൺഗ്രസ് പരിശോധനകൾ ആരംഭിക്കുന്നു.
എന്തുകൊണ്ട് ഒരു മണ്ഡലം മാത്രം എടുത്തു എന്നതിനും കോൺഗ്രസിന് പറയാൻ യുക്തിഭദ്രമായ മറുപടിയുണ്ട്. നൂറുകണക്കിന് കിലോ വരുന്ന 7 അടിയോളം ഉയരമുള്ള കടലാസ് കെട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ലിസ്റ്റ് ഉൾപ്പെടെയുള്ള തെളിവുകൾ. ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകൾ പരിശോധിക്കണമെങ്കിൽ തന്നെ മാസങ്ങൾ വേണ്ടിവരും. അതുകൊണ്ട് കോൺഗ്രസ് മഹാദേവപുരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മഹാദേവപുരത്തെ മറ്റെല്ലാ നിയമസഭ മണ്ഡലങ്ങളിൽ നിന്നും കോൺഗ്രസ് ലഭിച്ച ഭൂരിപക്ഷം 34,707 എന്നാൽ മഹാദേവ പുറത്തുനിന്ന് മാത്രം 1,14,046 വോട്ടിന്റെ ഭൂരിപക്ഷം നേടിയതോടെ ബിജെപി വിജയിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മഹാദേവപുരത്തെ തിരഞ്ഞെടുപ്പ് രേഖകളിൽ നിന്ന് കോൺഗ്രസ് പരിശോധന ആരംഭിക്കുന്നു. 40 പേർ ആറുമാസം തുടർച്ചയായി പരിശോധിച്ചതിൽ നിന്നും 1,00,250 കള്ളവോട്ടുകൾ ആ മണ്ഡലത്തിൽ മാത്രം ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. പ്രധാനമായും അഞ്ചു തരത്തിൽ ആയിരുന്നു ഈ കള്ള വോട്ടുകൾ. ആദ്യത്തേത് ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, ഒരു വോട്ടർ ക്ക് തന്നെ പല ബൂത്തുകളിലും പല മണ്ഡലങ്ങളിലും വോട്ടുകൾ. ഗുർഗിരത് സിംഗ് എന്ന വോട്ടറുടെ കാര്യം ഉദാഹരണമായി എടുത്താൽ അയാൾക്ക് മഹാദേവപുരത്ത് മാത്രം നാലോട്ടുകൾ. ഇത്തരത്തിൽ മണ്ഡലത്തിൽ ആകെ 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ. രണ്ടാമത്തേത് ഫേക്ക് അഡ്രസ്സുകളാണ്. വീട്ടുപേര് 0 ആയ വോട്ടർമാർ, അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരമാലകൾ. ഇത്തരത്തിൽ ജനാധിപത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്ന 40,009 വോട്ടുകൾ. മൂന്നാമത്തേത് ഒരു അഡ്രസ്സിൽ ഉള്ള ബൾക്ക് വോട്ടർമാരാണ്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ഒരു മുറി മാത്രമുള്ള വീടുകളുടെ അഡ്രസ്സിൽ 30 ഉം 40 ഉം 80 ഉം വരെ വോട്ടുകൾ. ഇങ്ങനെ മണ്ഡലത്തിൽ ഉടനീളം 10,452 വോട്ടർമാർ. ഈ വീടുകൾ അന്വേഷിക്കാൻ ചെന്ന കോൺഗ്രസ് പ്രതിനിധികൾക്ക് നേരെ കയ്യേറ്റം വരെ ഉണ്ടാകുന്നു എന്ന സാഹചര്യം.
അടുത്തത് അസാധുവായ ഫോട്ടോകൾ ഉള്ള വോട്ടർമാരാണ്, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത അത്രയും ചെറിയ ഫോട്ടോയുള്ള വോട്ടർമാരുടെ എണ്ണം 4,132. അഞ്ചാമത്തേതും അവസാനത്തേതുമായ മാർഗം ഫോം ആറിന്റെ ദുരുപയോഗമാണ്. കന്നി വോട്ടർമാർക്ക് ഉള്ള ഈ ഫോം ഉപയോഗിച്ച് വോട്ട് ചേർത്തിരിക്കുന്നത് 60, 70, 80 വയസ്സുള്ള കന്നി വോട്ടർമാരാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ശകുൺ റാണി എന്ന 70 വയസ്സുള്ള വോട്ടർ. ഈ എഴുപതുകാരി ഫോം 6 ഉപയോഗിച്ച് ചേർത്തത് രണ്ടു തവണയാണ്. ഈ രണ്ട് വോട്ടുകളും പോൾ ചെയ്യപ്പെട്ടിട്ടുമുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകളിൽ നിന്നുതന്നെ വ്യക്തമാണ്. ഇത്തരത്തിൽ ഫോം 6 ന്റെ ദുരുപയോഗത്തിലൂടെ ചേർക്കപ്പെട്ടത് 33,692 വോട്ടുകൾ.
ഈ അഞ്ചു മാർഗങ്ങളിലൂടെ 1,00,250 കള്ളവോട്ടുകൾ ചേർത്താണ് ബാംഗ്ലൂർ സെൻട്രൽ സീറ്റ് ബിജെപി കട്ടെടുത്തത്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി ഈ തിരഞ്ഞെടുപ്പ് അട്ടിമറിയെ വോട്ട് ചോരി അഥവാ വോട്ട് മോഷണം എന്ന് വിളിച്ചത്. മഹാദേവപുര ഒരു ഉദാഹരണം മാത്രമാണെന്ന് രാഹുൽഗാന്ധി കൃത്യമായി പറയുന്നുണ്ട്. ഹരിയാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റത് 8 സീറ്റിനാണ്, കേവലം 22,779 വോട്ടുകൾക്ക്. അവിടെ എന്താണ് നടന്നിട്ടുള്ളത് എന്ന് ഇതിൽ നിന്നു തന്നെ നമുക്ക് മനസ്സിലാവുമല്ലോ. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ ബിജെപി ജയിച്ചത് 33,000 ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ, അതായത് ആ സീറ്റുകൾ ലഭിക്കാത്ത പക്ഷം ബിജെപി ഇന്ന് പ്രതിപക്ഷത് ആകുമായിരുന്നു. ഇതായിരുന്നു രാഹുൽഗാന്ധി കഴിഞ്ഞദിവസം സംസാരിച്ചതിന്റെ രത്ന ചുരുക്കം.
അതായത് മഹാദേവപുര ഒരു സാമ്പിൾ മാത്രമാണ്, ഡിജിറ്റൽ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയാൽ മണിക്കൂറുകൾക്കകം നമുക്ക് മുന്നിൽ ഇനിയും ഒരുപാട് മഹാദേവപുരകൾ തെളിഞ്ഞുവരും എന്നതിലേക്ക് തന്നെയാണ് രാഹുലിന്റെ കണക്കുകളും ചോദ്യങ്ങളും വന്നെത്തിനിൽക്കുന്നത്. എന്തായാലും സത്യത്തെയും, യാഥാർത്ഥ്യങ്ങളെയും എത്ര അടി പൊക്കത്തിലുള്ള പേപ്പർ കെട്ടുകൾ ആക്കി മറക്കാൻ ശ്രമിച്ചാലും അത് രാഹുൽ ഗാന്ധിമാരുടെ രൂപത്തിൽ പുറത്തേക്ക് വരും എന്ന് ഈ രാജ്യത്തെ വോട്ട് മോഷ്ടാക്കൾക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ടാവുമല്ലോ.
ബിജെപിയുടെ ഏജന്റായി എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന രാഹുലിന്റെ ചോദ്യത്തിൽ നിന്ന് എത്ര ശ്രമിച്ചാലും തിരഞ്ഞെടുപ്പ് കമ്മീഷന് ഒഴിഞ്ഞുമാറാൻ ആകില്ല. ഈ രാജ്യത്തിന് മുന്നിൽ സത്യം വെളിപ്പെടുന്നത് വരെ പിന്മാറില്ലെന്ന രാഹുൽ ഗാന്ധിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാകില്ല. എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യങ്ങൾ പുറത്തേക്ക് തന്നെ വരും, അത് കാലത്തിന്റെ കാവ്യനീതിയാണ്.