ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നുഴഞ്ഞുകയറ്റക്കാർ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിലും അസമിലും ബിജെപി ഭരണത്തിലുണ്ടായിട്ടും എന്താണ് ചെയ്തത്? എല്ലാം പരാജയപ്പെട്ടാൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം? ഖർഗെ ചോദിച്ചു. എപ്പോഴെല്ലാം ബിജെപി സർക്കാർ പരാജയപ്പെട്ടോ അപ്പോഴെല്ലാം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ഖർഗെ പറഞ്ഞു.
കേന്ദ്രത്തിലും അസമിലും ബിജെപിയാണ് ഭരണത്തിൽ എന്നതിനാൽ സർക്കാർ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏൽക്കണമെന്നും ഖർഗെ പറഞ്ഞു. ‘എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും ബിജെപിയാണ്. സംസ്ഥാനത്തും ബിജെപിയാണ്. നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് കോൺഗ്രസിനെ കുറ്റം പറയുക?’; ഖർഗെ ചോദിച്ചു.
‘എന്തെങ്കിലും കാര്യത്തിൽ മോദി പരാജയപ്പെട്ടാൽ, എല്ലാം കോൺഗ്രസിന്റെ തലയിലിടും. അവരാണ് യഥാർത്ഥത്തിൽ രാജ്യദ്രോഹികൾ. രാജ്യത്തിന്റെ താത്‌പര്യത്തിന് വേണ്ടി പല കാര്യങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും നുഴഞ്ഞുകയറ്റക്കാരെയോ ഭീകരരെയോ സഹായിച്ചിട്ടില്ല. മോദി പരാജയപ്പെട്ടപ്പോൾ കോൺഗ്രസിനെ കുറ്റം പറയുകയാണ്’- ഖർഗെ കൂട്ടിച്ചേർത്തു.
അതേസമയം ഗുവാഹത്തിയിലെ ഒരു പരിപാടിയിൽ വെച്ചായിരുന്നു മോദി കോൺഗ്രസിനെ വിമർശിച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെ വിമർശിക്കുന്നതിലൂടെ കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുകയാണെന്നും കോൺഗ്രസ് രാജ്യദ്രോഹികളാണെന്നുമായിരുന്നു മോദി പറഞ്ഞത്. അതുപോലെ കോൺഗ്രസ് അസമിനെ അവഗണിച്ചെന്നും സംസ്കാരത്തിന് ദോഷം വരുത്തുന്ന രീതിയിൽ നുഴഞ്ഞുകയറ്റത്തെ പിന്തുണച്ചുവെന്നും മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് മല്ലികാർജുൻ ഖർഗെ എത്തിയത്.
















































