കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാംപ്രതി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സുനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കണ്ടെടുത്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്. തന്നെ ഈ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുനി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.
തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്ന് ആരോപിച്ചാണ് സുനി കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ അപാകതകൾ ഉണ്ട്. സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും, അതിനാൽ ശിക്ഷാവിധി റദ്ദാക്കണമെന്നുമാണ് സുനിയുടെ ആവശ്യം.


















































