ന്യൂഡൽഹി: ഐഎഎസ് മുൻ പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജരേഖ നിർമിച്ചു എന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പൂജക്കെതിരേ ഉയർന്നിരുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് പൂജയുടെ ഹർജി പരിഗണിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും പൂജയോട് കോടതി നിർദേശിച്ചു.
അതേസമയം പൂജയ്ക്ക് മുൻകൂർജാമ്യം അനുവദിക്കുന്നതിനെ ഡൽഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശക്തമായി എതിർത്തിരുന്നു. പൂജയുടെ ഭാഗത്തുനിന്നുള്ള നിസഹകരണത്തെയും അവർക്കെതിരേ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അഭിഭാഷകൻ വാദിച്ചത്.
എന്നാൽ, പൂജ ചെയ്തത് ഏത് തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ആരാഞ്ഞു. അവർ (പൂജ) മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. അവർ കൊലപാതകം ചെയ്തിട്ടില്ല. അവർ എൻഡിപിഎസ് ( Narcotic Drugs and Psychotropic Substances Act) നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ല. അവർക്ക് എല്ലാം നഷ്ടപ്പെട്ടു, ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കേസിന്റെ വിവരങ്ങളും പശ്ചാത്തലവും നിരീക്ഷിച്ച കോടതി, പൂജയ്ക്ക് ഡൽഹി ഹൈക്കോടതിതന്നെ ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും പറഞ്ഞു.
അതേസമയം ശാരീരികവൈകല്യം സംബന്ധിച്ച് പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സർട്ടിഫിക്കറ്റും വ്യാജമാണെന്നുള്ള ആരോപണാണ് ഉയർന്നത്. ഇതിന് പിന്നാലെ പൂജയ്‌ക്കെതിരേ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടപടി എടുത്തിരുന്നു. അവരെ സർവീസിൽനിന്ന് പുറത്താക്കുകയും ഭാവിയിൽ യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളിൽനിന്നും ഡീബാർ ചെയ്യുകയും ചെയ്തിരുന്നു.
ഷഹബാസ് കൊലക്കേസ് പ്രതികൾക്കായി വൊക്കേഷണൽ ഹയർസെക്കൻഡറി അപേക്ഷാ തിയതി നീട്ടി