തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചന. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചതും ഓർമിപ്പിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്രം’ – അദ്ദേഹം പറഞ്ഞു.
സർക്കാരിൽനിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി പ്രേംകുമാർ കൂടിക്കാഴ്ച നടത്തിയേക്കും.
















































