ന്യൂഡൽഹി∙ ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ചത് അത്യന്തം അപകടകാരിയായ ട്രയാസിടോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) ആണെന്ന് സൂചന. ‘സാത്താന്റെ മാതാവ്’ (മദർ ഓഫ് സാത്താൻ) എന്ന പേരിൽ അറിയപ്പെടുന്ന ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡൽഹി സ്ഫോടനം നടന്ന സ്ഥലത്തും കൊല്ലപ്പെട്ടവരുടെ ശരീരത്തിലും ആണി പോലെയുള്ള കൂർത്ത വസ്തുക്കൾ കണ്ടെടുക്കാൻ കഴിയാതിരുന്നതും ടിഎടിപി സ്ഫോടനത്തിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ടുതന്നെ ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന ഐഇഡിയുടെ (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറൻസിക് വിദഗ്ധർ.
2017ൽ ബാഴ്സലോണയിലെയും മാഞ്ചസ്റ്ററിലെയും 2015ൽ പാരിസിലെയും 2016ലെ ബ്രസൽസിലെയും ഭീകരാക്രമണങ്ങളിൽ ടിഎടിപിയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ബോംബുകൾ നിർമിക്കുന്നവർക്ക് പ്രത്യേക പരിശീലനം ഭീകരസംഘടനകളിൽനിന്ന് ലഭിച്ചുവെന്നാണ് കരുതപ്പെടുന്നത്. നേരത്തേ, അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനു കാരണമായതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇതിനിടെ, കേസിലെ മുഖ്യപ്രതി ഡോ. ഉമർ മുഹമ്മദ് (ഉമർ നബി) നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ 20 ലക്ഷത്തോളം രൂപ സമാഹരിച്ചെന്നും സൂചനയുണ്ട്. ഏതാനും ഹവാല ഇടപാടുകാരെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.














































