ന്യൂഡൽഹി: ചണ്ഡിഗഡിലും കനത്ത ജാഗ്രത. ഇന്നു രാവിലെ അപായ സൈറൺ മുഴങ്ങി. എല്ലാ ആളുകളോടും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ‘‘ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യോമസേനാ സ്റ്റേഷനിൽനിന്നു മുന്നറിയിപ്പ് ലഭിച്ചു. സൈറണുകൾ മുഴങ്ങുന്നു. എല്ലാവരും വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണികളിൽ നിന്ന് അകന്നു നിൽക്കാനും നിർദേശിക്കുന്നു.’’– ചണ്ഡീഗഡ് ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം പാക്ക് സൈന്യം വെടിവയ്പ് പുനഃരാരംഭിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ്‍വാര, ഉറി മേഖലകളിലാണ് ഇന്നു പുലർച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തിയത്. ഇതിനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകുന്നത്.
ഉറിയിലെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സംഘർഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവിയുമായും മൂന്നു സേനാ മേധാവിമാരുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇതിനുശേഷം പ്രധാനമന്ത്രി, രാഷ്ട്രപതിയെ കണ്ടേക്കും.