പറവൂർ: അസുഖബാധിതയായി മരിച്ച വയോധികയുടെ മരണം കൊലപാതകമെന്ന് സൂചന. അസുഖബാധിതയായി മരിച്ച റിട്ട. ആർടി ഓഫീസ് ഉദ്യോഗസ്ഥ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തും. അസുഖബാധിതയായ ഇവർ വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി മകൻ ബിനോയ് നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്‌പി എസ്. ജയകൃഷ്ണൻ പറഞ്ഞു.
അതേസമയം തങ്കമണിയുടെ അടുത്ത ബന്ധു വിഷം നൽകിയെന്നതുൾപ്പെടെയുള്ള പരാതിയാണ് മകൻ ഉന്നയിച്ചിട്ടുള്ളത്. ഇവർക്ക് വഴിപാടിന്റെ പ്രസാദമെന്നു പറഞ്ഞ് അടുത്ത ബന്ധുവും സമീപവാസിയും ചേർന്ന് നൽകിയ ഭക്ഷണത്തിൽ പലതവണയായി വിഷം ചേർത്തിരുന്നതായാണ് പരാതിയിൽ പറയുന്നത്. ആരോപണ വിധേയരായവർ ഫോണിലൂടെ വിവരങ്ങൾ കൈമാറുന്ന സംഭാഷണവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ വിഷം സാവധാനത്തിൽ ശരീരത്തിൽ വ്യാപിക്കുന്ന രീതി പറയുന്നുണ്ട്. ഭക്ഷണത്തിലൂടെ വിഷാംശം നൽകിയതിനെ തുടർന്ന് ഫാറ്റിലിവറിനും അതുവഴി ലിവർ സിറോസിസിനും കാരണമായതായി പരാതിയിൽ പറയുന്നു.
മുൻപ് തനിന്നു വിഷം നൽകിയിട്ടുണ്ടെന്നു കാട്ടി തങ്കമണി പറവൂർ പോലീസിലും റൂറൽ എസ്‌പിക്കും മുൻപ് പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് പറവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജിയും നൽകി. കോടതി ഹർജി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കവേയാണ് ഇവരുടെ മരണം.