കരൂര്‍: കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കരൂര്‍ ദുരന്തത്തിൽ പരിക്കേറ്റവരെ കരൂര്‍ മെഡിക്കൽ കോളേജിലെത്തി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദര്‍ശിച്ചു.
തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു. അതേസമയം, മരിച്ച 39 പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. 32 പേരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ഇനി ഏഴുപേരുടെ പോസ്റ്റ്‍മോര്‍ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്..