ന്യൂഡൽഹി: ഒഡീഷയിലെ ബഹരാംപുർ രൂപതയിലെ ജൂബ ഇടവക പള്ളിയിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ മലയാളി വൈദികനെ മർദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്.
പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാനെത്തിയ ഇടവക വികാരി ഫാ.ജോഷി ജോർജിനെയും പൊലീസ് സംഘം ക്രൂരമായി മർദിച്ചു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാക്കിസ്ഥാനിൽ നിന്ന് വന്ന് മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതെന്ന് ഫാ. ജോഷി പറഞ്ഞു. പള്ളിയിലെ വസ്തുവകകൾ നശിപ്പിച്ച പൊലീസ് വൈദികന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരത്തോളം രൂപ അപഹരിച്ചതായും രൂപതാ നേതൃത്വം ആരോപിച്ചു.
മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയാണ് ഒഡീഷയിലും സമാന സംഭവമുണ്ടായത്. ജബൽപുരിലും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നത്. സംഭവത്തിന് നാല് ദിവസത്തിന് ശേഷം ഇന്നലെ പൊലീസ് എഫ്‌ഐആർ ഇട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ബജ്‌ങ്ദൾ പ്രവർത്തകരാണ് അക്രമത്തിന്റെ പിന്നിലെന്ന് വൈദികർ നൽകിയ പരാതിയിൽ പറയുന്നു.