തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം. മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്ത നാലാഞ്ചിറ സ്വദേശി ധസ്തക്കറിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നാലാഞ്ചിറ സ്വദേശിയായ ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെും മക്കളെയും ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവസ്ഥലത്ത് വച്ചും, പിന്നീട് സ്റ്റേഷനിലെത്തിച്ചും ധസ്തക്കീറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ധസ്തക്കീർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ധസ്തക്കീറിന്റെ ശരീരത്തിലാകെ മർദ്ദനത്തിന്റെ പാടുകളുണ്ട്. എന്നാൽ ധസ്തക്കീറിനെ മർദ്ദിച്ചിട്ടില്ലെന്നാണ് മണ്ണന്തല പൊലീസ് വിശദീകരിക്കുന്നത്.
വിവരം അന്വേഷിക്കാനായി പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ധസ്തക്കീർ ഇറങ്ങിയോടിയെന്നും പിന്നാലെ പിന്തുടർന്നാണ് പിടികൂടിയതെന്നും പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ മർദ്ദനമേറ്റ പാടുകളിൽ പൊലീസിന് വിശദീകരണമില്ല.
















































