കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ധനത്തിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന പിന്നാലെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നടന്ന അതിക്രമത്തിന്റെ കൂടുതൽ വാർത്തകളും പരാതികളും പുറത്തുവരികയാണ്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു പരാതികൾ സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. എന്നാൽ ദൃശ്യങ്ങൾ നൽകാതെ കുറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ് പോലീസ് ഇപ്പോൾ.
തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള വലപ്പാട് പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ഒരു അതിക്രമത്തിന്റെ വാർത്ത ഗൗരവത്തോടുകൂടിയാണ് കേരളം കേട്ടത്. 2024 ഒക്ടോബർ 20നാണ് പനങ്ങാട് കിള്ളികുളങ്ങര വീട്ടിൽ സ്വാതിയുടെ ഭർത്താവ് റിജിത്തിനെയും ബന്ധു പ്രജീഷിനെയും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനം ഓടിക്കുമ്പോൾ മറ്റൊരാളുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള പരാതിയിൽ ആയിരുന്നു അറസ്റ്റ്. 21ന് രാവിലെ സിവിൽവേഷത്തിൽ സ്റ്റേഷനിൽ എത്തിയ എസ്എച്ച് എം കെ രമേശ് ലോക്കപ്പിന് മുന്നിൽ നിന്ന് റിജിത്തിനെ ഷർട്ടിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിച്ചു. റിജിത്തിൻ്റെ ഭാര്യ സ്വാതിയെക്കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു. 2024 നവംബർ 18ന് സംസ്ഥാന പോലീസ് മേധാവിക്ക് സ്വാതിയും റിജിത്തും രണ്ട് പരാതികൾ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി വിളിപ്പിച്ചെങ്കിലും സിസിടിവി ദൃശ്യത്തിൽ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. അപ്പോഴും ദൃശ്യങ്ങൾ പരാതിക്കാർക്ക് നൽകിയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻ നിർത്തി തരാൻ ആകില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ഇരുവരും റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി. മർദ്ദനവും മൂന്നാംമുറയും കാടത്തവും കൊണ്ട് നടക്കുന്ന പോലീസ് ഓഫീസർമാർ ഇപ്പോഴും സേനയുടെ തലപ്പത്ത് മാന്യന്മാർ ചമഞ്ഞ് നടക്കുകയാണെന്ന് ആരോപണവുമായി മുൻ എസ്എഫ്ഐ നേതാവും രംഗത്തെത്തിക്കഴിഞ്ഞു. എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് 2012 തനിക്കേറ്റ ക്രൂരമർദ്ദനത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു.
കേസിൽ നിന്ന് മാറാൻ തനിക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പോലീസുകാരുടെ ദൂതൻ സമീപിച്ചിരുന്നെന്നും പിന്നീട് ജയകൃഷ്ണൻ ആരോപിച്ചു. 2023 മെയ് മാസം തൃശൂർ ജില്ലയിലെ തന്നെ മണ്ണുത്തി സ്റ്റേഷനിൽ ഉണ്ടായ മറ്റൊരു അതിക്രമത്തിന്റെ വാർത്തയും പുറത്തുവന്നു. പാലക്കാട് വണ്ടാഴി കിഴക്കേത്തറ സ്വദേശി ദിനേശനാണ് തനിക്കുണ്ടായ ദുരാനുഭവം പറയുന്നത് .മണ്ണുത്തി സ്റ്റേഷനിൽ കൊണ്ടുവന്ന് തന്റെ വലതു ചെവിക്കല്ല് അടിച്ചു പൊട്ടിച്ചു നിലത്തിരുത്തി ചവിട്ടി കാലിൽ കയറി നിന്നു. പിന്നീട് അങ്ങോട്ട് ആശുപത്രിയിൽ കയറി ഇറങ്ങിയാണ് ജീവിതം.മണ്ണുത്തി സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിനേശൻ മനുഷ്യാവകാശ കമ്മീഷന് സമീപിക്കാൻ ഒരുങ്ങുകയാണ്.
ഹോട്ടൽ ഉടമയെയും സംഘത്തെയും തൃശ്ശൂർ ജില്ലയിലെ തന്നെ പീച്ചി പോലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ച സംഭവത്തിന്റെ വാർത്തയും പുറത്തുവന്നു. മർദ്ദനത്തിന് നേതൃത്വം നൽകിയ എസ്ഐ പി എം രതീഷിനെതിരെ എസ് നൽകിയ റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടായില്ലെന്നു മാത്രമല്ല സിഐഎ സ്ഥാനക്കയറ്റം ലഭിച്ച ഇയാൾ ഇപ്പോൾ കൊച്ചി കടവന്ത്ര സ്റ്റേഷനിൽ ആണെന്നും വ്യക്തമായി. 2017ൽ യൂത്ത് കോൺഗ്രസിന്റെ നിലവിലെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ നേമം ഷജീറിനെ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിലും എട്ടു വർഷമായിട്ടും ഇതുവരെ നീതി ലഭിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷജീർ തൻ്റെ സുഹൃത്തിൻറെ സഹോദരനെ സ്റ്റേഷനിൽ മർദ്ദനമേറ്റത് ചോദ്യം ചെയ്തതിനെ തുടർന്ന് എസ്ഐ ആയിരുന്ന സമ്പത്തും സിപിഒ ആയിരുന്ന അജയകുമാറുമായിരുന്നു ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചത്. അടിവയറ്റിൽ മർദ്ദനമേറ്റ് രക്തം കട്ടപിടിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. വൃഷണത്തിലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.
19 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പോലീസ് പരാതി പരിഹാര അതോറിറ്റിക്കും, ഡിജിപി ക്കും അടക്കം പരാതി നൽകി. കോടതിയെയും സമീപിച്ചു. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആറു വർഷം കഴിഞ്ഞാണ് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് കേസെടുക്കാൻ പോലീസ് തയ്യാറായത്. ഇത്തരം നിരവധിയായ പോലീസ് മർദ്ദനത്തിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാധാരണക്കാരന് നീതി ലഭിക്കേണ്ട പോലീസ് സ്റ്റേഷനുകൾക്ക് അകത്തു വച്ച് സാധാരണക്കാരന് അതിക്രൂരമായി മർദ്ദിക്കുന്ന കാക്കിയിട്ട ക്രിമിനലുകളെ നിലക്കുനിർത്താൻ ഇനിയെങ്കിലും ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകണം.
ഇല്ലെങ്കിൽ പൊതുജനം നിയമം കയ്യിലെടുത്താൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കസ്റ്റഡി മർദ്ദന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ അതിക്രൂരമായി മർദ്ദിച്ച മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിടണം എന്ന് തന്നെയാണ് കോൺഗ്രസിന്റെ ആവശ്യം. മറ്റു കേസുകളിലും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. കാക്കിയിട്ടാ ക്രിമിനലുകൾ പോലീസ് സേനയിൽ വിലസുമ്പോൾ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും എന്നാണ് സർക്കാറിനോട് ഓരോ പൗരനും ചോദിച്ചു കൊണ്ടിരിക്കുന്നത്. മറുപടി പറയാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം.