ന്യൂഡൽഹി: ഓരോ വർഷത്തെയും രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടാറുള്ള ഖമർ മൊഹ്സിൻ ഷെയ്ഖ് ഇത്തവണയും സ്വന്തം കൈകളാൽ നിർമ്മിച്ച രാഖികളുമായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച ഖമർ മൊഹ്സിൻ ഷെയ്ഖ് 1981ൽ വിവാഹശേഷം ഇന്ത്യയിലേക്ക് വന്നതാണ്. 30 വർഷത്തിലേറെയായി പ്രധാനമന്ത്രിക്ക് അവർ രാഖി കെട്ടുന്നു. ഈ വർഷം ഓം, ഗണപതി ഡിസൈനുകളോടു കൂടിയ രണ്ട് രാഖികളാണ് ഖമർ മൊഹ്സിൻ ഷെയ്ഖ് ഉണ്ടാക്കിയിരിക്കുന്നത്.
കടയിൽ നിന്ന് രാഖികൾ വാങ്ങാറില്ലെന്നും എല്ലാ വർഷവും വീട്ടിൽവെച്ച് സ്വന്തമായി നിർമ്മിക്കുമെന്നും അതിൽ നിന്ന് ഒരെണ്ണം പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടാനായി തിരഞ്ഞെടുക്കുകയാണ് പതിവെന്നും അവർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) വോളണ്ടിയറായിരുന്ന കാലത്ത് മോദിയുമായി ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് അവർ ഓർത്തെടുത്തു. അന്ന് നരേന്ദ്ര മോദി സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ആ സംഭാഷണമാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സഹോദര-സഹോദരീ ബന്ധത്തിന് തുടക്കമിട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
അന്നു മുതൽ എല്ലാ വർഷവും പ്രധാനമന്ത്രിയുടെ കൈയിൽ അവർ രാഖി കെട്ടാറുണ്ട്. മോദി സഹോദരിയായി അവരെ അംഗീകരിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി മാറണമെന്ന് താൻ പ്രാർത്ഥിച്ച ഒരു പഴയ രക്ഷാബന്ധൻ ദിനത്തെക്കുറിച്ചും അവർ ഓർത്തു. ആ പ്രാർത്ഥന സഫലമായപ്പോൾ, അടുത്തതായി എന്ത് അനുഗ്രഹമാണ് നൽകുന്നതെന്ന് മോദി ചോദിച്ചിരുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അവർ മറുപടി നൽകി. ആ ആഗ്രഹവും സഫലമായെന്നും ഇപ്പോൾ മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തുടരുകയാണെന്നും അവർ പറഞ്ഞു.
2024-ൽ രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുക്കാൻ ഖമർ മൊഹ്സിന് ദില്ലിയിൽ എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ വർഷം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണം ലഭിക്കുമെന്നും വീണ്ടും സന്ദർശിക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഭർത്താവിനൊപ്പം യാത്ര ചെയ്ത് താൻ കൈകൊണ്ട് നിർമ്മിച്ച രാഖി പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടിക്കൊണ്ട് ആ പതിവ് തുടരാൻ അവർ ആഗ്രഹിക്കുന്നു.
രക്ഷാബന്ധൻ ഉത്സവത്തിനായി തയ്യാറെടുക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെ നല്ല ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖമർ മൊഹ്സിൻ ഷെയ്ഖ് പറഞ്ഞു. നാലാം തവണയും അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.