ന്യൂഡൽഹി: നാളെ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് അവസാന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഉച്ചകോടിയിലേക്കാണ് മോദിക്കു ക്ഷണം ലഭിച്ചത്. ട്രംപിനെ കൂടാതെ ഈജിപ്തും അദ്ദേഹത്തെ ക്ഷണിച്ചെന്നു ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യാന്തര ഉച്ചകോടിയിൽ മോദിയുടെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട്.
മോദിക്കു പകരം ഉച്ചകോടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെ ഇരുപതോളം രാഷ്ട്ര തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിനു തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
ഇസ്രയേൽ, ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിൻവലിക്കുകയും ചെയ്‌തതിനു പിന്നാലെ നടക്കുന്ന ആദ്യത്തെ യോഗമാണിത്. അതേസമയം പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുത്താൽ ഡോണൾഡ് ട്രംപും അദ്ദേഹവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇതു വഴിയൊരുക്കും. കൂടാതെ ട്രംപിനെ കാണുന്നതിനു പുറമേ, മധ്യപൂർവദേശത്ത് മോദിയുടെ സാന്നിധ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാകുകയും ചെയ്യും.