കൊച്ചി: പിറവത്ത് സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അർജുൻ രഘുവിനെയാണ് ഇന്നലെ മുതൽ കാണാതായത്. തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അർജുൻ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. അതിനു ശേഷം അർജുൻ എവിടേക്കു പോയി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അതേസമയം ഉദ്യോഗസ്ഥരായ മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. സ്കൂളിൽ നടത്തിയ അന്വേഷണത്തിൽ അർജുൻ അവിടെയുമെത്തിയില്ലെന്നു ബോധ്യപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അർജുനുവേണ്ടി അന്വേഷണം ഊർജിതമാക്കിയ പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
എന്നാൽ അർജുൻ എന്തിനാണ് വീടുവിട്ടു പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നാണ് അന്വേഷണത്തിൽ പോലീസിനു വ്യക്തമായത്. പ്ലസ് വൺ പരീക്ഷാഫലം വന്നതിനു പിന്നാലെ അർജുൻ അസ്വസ്ഥനായിരുന്നോ, അതുമൂലമാണോ മാറി നിൽക്കുന്നത് എന്നതു സംബന്ധിച്ചും സംശയങ്ങളുയർന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

















































