തിരുവനന്തപുരം: തന്റെ കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണെന്ന് മുഖ്യമന്ത്രി. താൻ നടത്തിയ രാഷ്ട്രീയപ്രവർത്തനം പൊതുവിൽ കേരളത്തിൽ അറിയാവുന്ന കാര്യമാണ്. അത് സുതാര്യമാണ്. കളങ്കരഹിതമാണ്. അതുകൊണ്ടാണ് കളങ്കിതാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അതിനോട് ശാന്തമായി പ്രതികരിച്ചിട്ടുള്ളത്. മകൻ വിവേക് കിരണിന് ഇഡിയുടെ സമൻസ് ലഭിച്ചെന്ന മാധ്യമവാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന രീതിയിൽ എന്റെ മക്കൾ ആരും പ്രവർത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ മകന് ഇഡി സമൻസ് കിട്ടിയതുമായിബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.
ഇ ടി സമൻസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ-
”കഴിഞ്ഞ പത്തുവർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുകയാണ് ഞാൻ. ഈ പ്രവർത്തനത്തിൽ തീർത്തും അഭിമാനിക്കാൻ വക നൽകുന്ന ഒട്ടേറെ കാര്യങ്ങൾ എനിക്കുണ്ട്. അതിൽ അഴിമതിയുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും അനുവദിക്കില്ല എന്ന നിർബന്ധമാണുള്ളത്. അതുകൊണ്ടാണ് ഉന്നതതലങ്ങളിലെ അഴിമതി ഇവിടെ പൂർണമായി അവസാനിപ്പിക്കാനായത്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചില ഏജൻസികളെ കൊണ്ടുവന്ന് മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചാൽ അത് നാട്ടിൽ വിലപ്പോവുമെന്നാണോ കരുതുന്നത്. അത്തരം പ്രചാരണങ്ങൾ നാട്ടിൽ ഉയർത്തിക്കാട്ടുന്നതിന് നിങ്ങളുടെ സ്ഥാപനങ്ങളിൽ ചിലതിനെ സ്വാധീനിച്ചാൽ ഇതെല്ലാം അട്ടിമറിക്കാൻ കഴിയുമെന്നാണോ കരുതുന്നത്. അതൊന്നും സംഭവിക്കുന്ന കാര്യമല്ല.
അതുപോലെ ഞാൻ എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാൻ വക നൽകുന്ന കാര്യം, എന്റെ കുടുംബം പൂർണമായും അതിനോടൊപ്പം നിന്നു എന്നതാണ്. എന്റെ മക്കൾ രണ്ടു പേരും അതേ നിലപാടാണ് സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളിൽ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അവൻ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ?
എന്റെ മകന് ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്നുപോലും അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന രീതിയിൽ എന്റെ മക്കൾ ആരും പ്രവർത്തിച്ചിട്ടില്ല. മകൾക്ക് നേരേ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോൾ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോൾ, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലർക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തിൽ ഉൾപ്പെടുത്താൻ നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ?. അത് എന്നെ ബാധിക്കുമോ?. മകനെ ബാധിക്കുമോ?. ആ ചെറുപ്പക്കാരൻ മര്യാദയ്ക്കൊരു ജോലിയിലാണ് പ്രവർത്തിക്കുന്നത്.
അയാളുടെ പൊതുരീതി എന്നാൽ ജോലി, പിന്നെ വീട് എന്നതാണ്. ഒരു പൊതുപ്രവർത്തനരംഗത്തും അയാളില്ല. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ അയാൾ പോയിട്ടില്ല. ഒരു ദുഷ്പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാൻ അതിൽ അഭിമാനിക്കുകയാണ്. നല്ല അഭിമാനം എനിക്കുണ്ട്. ഇതൊക്കെ ഉയർത്തിക്കാട്ടി എന്നെ പ്രയാസപ്പെടുത്തിക്കളയാം എന്ന് തെറ്റിദ്ധരിക്കേണ്ട. പിന്നെ എവിടെയാണ് ഈ ഏജൻസിയുടെ സമൻസ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്.
എന്താണ് മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. നിങ്ങൾ ഒരു കടലാസ് അയച്ചു, അതിങ്ങിട്ട് താ എന്ന് ഞാൻ പറയണോ. ഇവിടെ തെറ്റായ ചിത്രം വരച്ചുകാട്ടാൻ ശ്രമിക്കുകയാണ്. എന്നെ മറ്റൊരുതരത്തിൽ കാണിക്കണം. സമൂഹത്തിന്റെ മുന്നിൽ കളങ്കിതനാക്കി ചിത്രീകരിക്കാൻ പറ്റുമോ എന്ന് നോക്കണം. അങ്ങനെ ചിത്രീകരിക്കാൻ നോക്കിയാൽ ഞാൻ കളങ്കിതനാകുമോ?.
ഒരു അഴിമതിയും എന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ഉറപ്പുനൽകുന്നു. സമൻസ് വന്നെങ്കിൽ ഞങ്ങൾ കാണേണ്ടേ. ഞങ്ങളാരും ഇത്തരത്തിലൊരു ഇഡി സമൻസ് കണ്ടിട്ടില്ല. മകന് കിട്ടിയതായി അവനും പറഞ്ഞിട്ടില്ല. എംഎ ബേബി വാർത്തകൾ മുഖവിലയ്ക്കെടുത്ത് പ്രതികരിച്ചതാകും. വസ്തുതകൾ മനസിലാക്കിയുള്ള പ്രതികരണമാകില്ല. ഒരു വലിയ ബോംബ് വരാൻപോകുന്നുണ്ടെന്ന് ഒരാൾ അടുത്ത് പറഞ്ഞിരുന്നു. പക്ഷേ, ഇത് നനഞ്ഞ പടക്കമായിപ്പോയി’’, പിണറായി വിജയൻ പറഞ്ഞു.