നിലമ്പൂർ: പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ. പിണറായി വിജയൻ ആദ്യം വഞ്ചിച്ചത് വി.എസ്.അച്യുതാനന്ദനെയെന്ന് പി.വി.അൻവർ. വി.എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത്. മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചവനാണ് പിണറായി. 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ്.
ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെ അന്ന് പിണറായിക്ക് പിന്തുണ നൽകി. അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷനിലെത്തിയ മുഖ്യമന്ത്രി ചതിയുടെ പരിണിതഫലമാണ് ഉപതിരഞ്ഞെടുപ്പെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്.
കർഷകരോട് കൊടുംവഞ്ചന നടത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിലേത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജപ്തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.