തിരുവനനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി മുന്നിൽ രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലും നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്. കൂടിക്കാഴ്ച്ചകൾക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോണും ഇപ്പോഴും അവിടെ തുടരുകയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇടപെടുന്നുണ്ടെന്നാണ് സൂചന. കൂടാതെ യെമനിൽ ബിസിനസ് ബന്ധമുള്ളവർ വഴി അനൗദ്യോഗിക ചർച്ചകൾക്കും ശ്രമിക്കുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെയോ, ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തതാണ് പ്രതിസന്ധി. ദ
ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ശിക്ഷാ നടപടി നിർത്തിവയ്ക്കാൻ സാധിക്കു. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നൽകി. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.