കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവഗാനം കേൾക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും കോടതി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണൻ എന്നിവർ പറഞ്ഞു.
കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോഴും കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതൊന്നും ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി അറിയിച്ചത്. വിപ്ലവഗാനം പാടിയതിനെതിരെയും ക്ഷേത്രത്തിൽ ആചാരലംഘനമുൾപ്പെടെ ആരോപിച്ചും അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഗസൽ ഗായകനായ അലോഷി ആദം അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ‘പുഷ്പനെ അറിയാമോ’ തുടങ്ങിയ പാട്ടുകൾ പാടിയത്. ഈ സമയത്ത് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും ബാനറുകളും മറ്റും കാണിക്കുകയും ചെയ്തെന്നു ഹർജിയില്‍ പറഞ്ഞിരുന്നു. കോടതി ഇന്ന് ഇതു സംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
രാഷ്ട്രീയ ആവശ്യങ്ങൾക്കും മറ്റും മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുള്ള റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് മിസ്‌യൂസ്) നിയമം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. നിയമ ലംഘനമുണ്ടായാൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഉൾപ്പെടെ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ദേവസ്വം കമ്മിഷണർ ഇതു സംബന്ധിച്ച സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു.
റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് മിസ്‌യൂസ്) 1988 പാർലമെന്റ് നിയമത്തിലെ വ്യവസ്ഥ പ്രകാരം മതസ്ഥാപനമോ, മാനേജറോ മതസ്ഥാപനത്തിന്റെ ഫണ്ടോ സ്വത്തോ രാഷ്ട്രീയ പാർട്ടിയുടെ പ്രയോജനത്തിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യരുത്. കൂടാതെ, ഉത്സവങ്ങളോ ചടങ്ങുകളോ ഘോഷയാത്രയോ മറ്റും രാഷ്ട്രീയ പ്രവർത്തനത്തിനായി ഉപയോഗിക്കരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ അഞ്ചുവർഷം വരെ തടവു ശിക്ഷയും 10,000 രൂപ വരെ പിഴ ഈടാക്കാം എന്നുമാണ് നിയമം.
ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറുടെ റിപ്പോർട്ടിൽ എൽഇഡി വാളിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ചിഹ്നം പ്രദർശിപ്പിച്ചിരുന്നു എന്ന് പരാമർശിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളും കോടതിയിൽ പരിശോധിച്ചിരുന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എതിർ സത്യവാങ്മൂലം നൽകാൻ സമയം തേടി. വിശദീകരണത്തിനു സർക്കാരും സമയം തേടി. കേസിൽ കടയ്ക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസറെയും ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. ഹർജി ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.