കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച നേതാക്കൾ ജയിലിലായതിനാൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ വി കെ നിഷാദ്, തലശ്ശേരി നഗരസഭ ബിജെപി കൗൺസിലർ യു പ്രശാന്ത് എന്നിവർക്കാണ് സത്യപ്രതിജ്ഞ ചടങ്ങിൽ എത്താനാകാതെ വന്നത്. പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ജയിലിൽ കഴിയുന്നത്. 20 വർഷത്തേക്കാണ് നിഷാദിനെ ശിക്ഷിച്ചിരിക്കുന്നത്. എന്നാൽ പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. കൂടാതെ 16 കേസുകളിൽ പ്രതിയുമാണ് നിഷാദ്,
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസപദമായ സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. കൂടാതെ 2009 മുതൽ 2016 വരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിലായി 16 കേസുകൾ ഇയാൾക്കെതിപെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2009-ൽ ഒരു കേസാണുള്ളത്. എന്നാൽ, 2010-ൽ രണ്ടും തൊട്ടടുത്ത വർഷം മൂന്നും കേസ് നിഷാദിന്റെ പേരിൽ രജിസ്റ്റർ ചെയ്തു. 2012-ൽ മാത്രം പൊതുമുതൽ നശിപ്പിച്ചതും സ്ഫോടകവസ്തുക്കൾ കൈയിൽ കരുതിയതുമുൾപ്പെടെ എട്ടു കേസുകൾ 2013-ലും 2016-ലും ഓരോ കേസും രജിസ്റ്റർചെയ്തിട്ടുണ്ട്. പോലീസിനുനേരേ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി അന്നൂരിലെ ടി.സി.വി. നന്ദകുമാറിന്റെ പേരിൽ പയ്യന്നൂർ സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ എട്ടു കേസാണുള്ളത്.
അതേസമയം സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് യു പ്രശാന്ത്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനെ 36 വർഷത്തേക്കാണു കോടതി ശിക്ഷ വിധിച്ചത്. സിപിഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2007 ഡിസംബറിലായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്. അതേസമയം തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് യു പ്രശാന്ത്.
ഇതിനിടെ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങികൾ പുരോഗമിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30നും സത്യപ്രതിജ്ഞ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെ അവധിയായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിക്കുകയായിരുന്നു. മലപ്പുറത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.


















































