കൊച്ചി: സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറിയും പറവൂർ മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും വിവാദം പിൻതുടരുന്നു. പി. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുൻസിപ്പൽ ടൗൺഹാളിലായിരിക്കും പൊതുദർശനം. അതിനിടെ, ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു എന്നാരോപിച്ച് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിലും രംഗത്തെത്തി.
രണ്ടുവട്ടം ജില്ലാ സെക്രട്ടറിയും 2 വട്ടം പറവൂർ എംഎൽഎയും ആയിരുന്ന പി. രാജു (73) ഇന്ന് രാവിലെ 6.40നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അർബുദബാധിതനായ രാജുവിനെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കെടാമംഗലം എംഎൽഎ പടിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം 3 മണിക്ക് സംസ്കരിക്കും.
അതേസമയം രാജുവിനെ ദ്രോഹിച്ചവരൊന്നും സംസ്കാരത്തിനു വരേണ്ടതില്ല എന്നാണ് കുടുംബം പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതിനൊപ്പമാണ് പാർട്ടി ഓഫിസിൽ പൊതുദർശനം വേണ്ട എന്ന തീരുമാനവും. സിപിഐ പറവൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഭാര്യ പറവൂർ സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി ലതികയും അധ്യാപികയായ മകൾ സിന്ധുവും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
സിപിഐയിലെ ഇസ്മയിൽ–കാനം രാജേന്ദ്രൻ ഗൂപ്പ് പോരിൽ ഇസ്മയിലിന് ശക്തമായ പിൻതുണ നൽകിയ വ്യക്തിയായിരുന്നു പി രാജു. കാനം സംസ്ഥാന സെക്രട്ടറിയാവുകയും ജില്ലകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടും എറണാകുളം ഏറെക്കാലം ഇസ്മയിലിനൊപ്പം നിന്നതിന്റെ കാരണം രാജുവായിരുന്നു. എന്നാൽ കാലക്രമേണ രാജു സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ ആരോപണം. പിന്നീട് വിശദമായ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നു കണ്ടെത്തി. ഇതേക്കുറിച്ചു പഠിക്കാൻ 3 അംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടുപേർക്കുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുത്തു.
തുടർന്ന് രാജുവിനെ എഴിക്കര എംഎൽഎ പടി ബ്രാഞ്ചിലേക്കും മുൻ ജില്ലാ ട്രഷറർ ആയിരുന്ന എംഡി നിക്സണെ മണ്ഡലം കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതായിരുന്നു ശിക്ഷ. നടപടിക്കെതിരെ ഇവർ പാർട്ടി കൺട്രോൾ കമ്മിഷനെ സമീപിച്ചു. കമ്മിഷന്റെ പരിശോധനയിൽ കണക്കുകളിലെ ക്രമക്കേട് 4 ലക്ഷം രൂപയുടേത് മാത്രമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെയുള്ള അച്ചടക്ക നടപടി റദ്ദാക്കിയെങ്കിലും രാജുവിനെതിരായ നടപടി ഏതു വിധത്തിലാണ് ലഘൂകരിക്കേണ്ടത് എന്ന കാര്യത്തിൽ ജില്ലാ കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവിന്റെ അഭിപ്രായം തേടിയിരുന്നു. ഈ അഭിപ്രായം വരുന്നതിനു മുൻപുതന്നെ രാജു യാത്രയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഇ ഇസ്മയിൽ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരിക്കുന്നത് എന്നാണ് കരുതുന്നത്.
‘‘സഖാവിന് അസുഖമാണെന്നറിഞ്ഞപ്പോൾ വിദേശത്തു കൊണ്ടുപോയി ചികിത്സിക്കാൻ സിഎൻ ചന്ദ്രനും ഞാനും സൻജിത്തും സുഗതനും മറ്റു സഖാക്കളുമായാലോചിച്ച് സാമ്പത്തിക സ്ഥിതിയിൽ ആവശ്യമാണെങ്കിൽ സഹായിക്കണമെന്ന് സിഎമ്മിനെ കണ്ട് സംസാരിച്ചു. ചെന്നൈയിലെ ഡോക്ടറുമായി ബന്ധപ്പെടുത്തി. സുഖമായി വന്നതാണ്. പ്രവർത്തനങ്ങളിൽ സജീവമായി വരികയായിരുന്നു. ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു. ഇത്ര പെട്ടന്ന് നമ്മെയെല്ലാം വിട്ടുപോകുമെന്ന് കരുതിയില്ല’’ – ഇസ്മയിൽ കുറിപ്പിൽ പറയുന്നു.
സ്വാതന്ത്ര്യസമര സേനാനിയും മുൻ പറവൂർ എംഎൽഎയുമായ എൻ. ശിവൻപിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ് രാജു. എഐഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ രാജു സിപിഐ ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ സെക്രട്ടറിയും സപ്ലൈകോ എപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഏറെനാൾ എടയാർ കോമിൻ കോ ബിനാനിയിൽ ജിവനക്കാരനായിരുന്നു. അവിടെ നിന്നു രാജിവച്ചാണ് 1975 മുതൽ സിപിഐയുടെ മുഴുവൻ സമയ പ്രവർത്തകനായത്.