പാലക്കാട്: വിഷം കഴിച്ച് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്‌മത്ത് എന്നിവരും നഴ്‌സുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. കാടാങ്കോട് ജങ്ഷനുസമീപം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞത്.
പള്ളിയിലെ നിസ്കാര പ്രാർഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. .
കാടാങ്കോട് ജങ്ഷനടുത്ത വളവിൽ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയിൽവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലൻസ് മറിഞ്ഞതെന്ന് ഡ്രൈവർ ദീപു പറഞ്ഞു. റോഡിനെതിർവശത്തെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. ഈസമയം മൂന്നുപേർ കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തുടർന്ന്പാലക്കാട് ടൗൺ സൗത്ത് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മറിഞ്ഞുകിടന്ന ആംബുലൻസിൽനിന്ന് ആളുകളെ പുറത്തെടുക്കുമ്പോൾ ഇതേദിശയിൽ മറ്റൊരു ആംബുലൻസെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല.
അതേസമയം ബൈക്കിൽവന്ന രണ്ടുപേർക്ക് നിസ്സാര പരുക്കേറ്റു. ക്രെയിനെത്തിച്ച് ആംബുലൻസ് റോഡിൽനിന്ന് മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്.ഐ. സൗമ്യ, എ.എസ്.ഐ. അബ്ദുൾജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്. മകൾ: ഹസീന. പിതാവ്: പരേതനായ മുത്തുറാവുത്തർ. മാതാവ്: പരേതയായ ആയിഷാമ്മ. സഹോദരങ്ങൾ: ഉസനാർ, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തർ, യൂസഫ് റാവുത്തർ.















































