ന്യൂഡൽഹി: 227 യാത്രക്കാരുമായി ആകാശച്ചുഴിയിൽപ്പെട്ട ഇന്ത്യൻ വിമാനത്തിനു സഹായം നിഷേധിച്ച് പാക്കിസ്ഥാൻ. ബുധനാഴ്ച ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് (6E 2142) അപ്രതീക്ഷിതമായി ആകാശച്ചുഴിയിൽപ്പെട്ടത്. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാക്കിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. സഹായം ലഭിച്ചാൽ പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
പാക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചിരുന്നു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കിയിരിക്കുകയാണ്.
അതേസമയം വിമാനം ശക്തമായി കുലുങ്ങിയപ്പോൾ യാത്രക്കാർ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിൻ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്ത് യാത്രക്കാർ കുറിച്ചത്.
We had a narrow escape from Delhi to Srinagar flight indigo. Special thanks to the captain and cabin crew. @indigo @GreaterKashmir @RisingKashmir pic.twitter.com/KQdJqJ7UJz
— I_am_aaqib (@am_aaqib) May 21, 2025