കൊട്ടാരക്കര: ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് കൊടുത്താല്‍, പാല്‍ ശറശറേന്ന് ഒഴുകും. ദിവസം 25 ലിറ്റര്‍ പാല്‍ കിട്ടുന്ന നല്ല ഒന്നാന്തരം രണ്ടു ആസ്ട്രേലിയന്‍ പശുവിനെ നിങ്ങള്‍ക്കു ഞാന്‍ തരാം എന്നു പറഞ്ഞു നാടോടിക്കാറ്റില്‍ ദാസനെയും വിജയനേയും പണിക്കരമ്മാവന്‍ പറ്റിച്ചതു കണ്ടു മലയാളികള്‍ പൊട്ടിച്ചിരിച്ചതാണ്. സമാനമായ തട്ടിപ്പിരയായ മഠത്തിനാപ്പുഴ സുധാവിലാസത്തില്‍ രമണന്(62) പശുവിന്റെ വിലയായ അമ്പത്തിയാറായിരം രൂപയും ഇടപാടിലൂടെ ഉണ്ടായ മനോവേദനയ്ക്ക് നഷ്ടപരിഹാരമായി 26000 രൂപയും കോടതിച്ചെലവായി പതിനായിരം രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. സംഭവമിങ്ങനെ പൂവറ്റൂര്‍ പടിഞ്ഞാറ് കാഞ്ഞിരംവിള സ്വദേശികളായ ദമ്പതികളില്‍ നിന്നും ഇടനിലക്കാര്‍ മുഖാന്തിരമാണ് രമണന്‍ 2023 ഫെബ്രുവരി 23-ന് പശുവിനെ വാങ്ങിയത്. ദിവസവും പന്ത്രണ്ട് ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും പാല്‍ കുറഞ്ഞാല്‍ പശുവിനെ തിരികെ വാങ്ങിക്കൊളളാമെന്നുമായിരുന്നു ഉടമസ്ഥരുടെ ഉറപ്പ്.
ലിറ്ററിന് നാലായിരത്തി അഞ്ഞൂറ് രൂപ കണക്കാക്കിയാണ് 12 ലിറ്റര്‍ പാലുളള പശുവിന് അമ്പത്തി ആറായിരം വില നിശ്ചയിച്ചത്. സമ്പാദ്യമായുണ്ടായിരുന്ന 16000 രൂപയും സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ 40000 രൂപയും ചേര്‍ത്താണ് രമണന്‍ പ്രതീക്ഷയോടെ പശുവിനെ വാങ്ങിയത്. മാര്‍ച്ച് 11-ന് പശു പ്രസവിച്ചു. പ്രതീക്ഷയോടെ 16-ാം ദിനം മുതല്‍ കറവ തുടങ്ങിയെങ്കിലും നാല് ലിറ്റര്‍ പാല്‍ മാത്രമാണ് ലഭിച്ചത്. ഒരുമാസം ആഞ്ഞു കറന്നിട്ടും അറ് ലിറ്ററില്‍ എത്തിയതേയുള്ളൂ. ചതി പറ്റിയെന്നു ബോധ്യമായതോടെ രമണന്‍ ഇടനിലക്കാരെയും കൂട്ടി ഉടമയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. വിശ്വാസ വഞ്ചനയ്ക്കും ചതിക്കുമെതിരെ പുത്തൂര്‍ പോലീസിലും എസ്പിക്കും പരാതി നല്‍കി.തങ്ങള്‍ രമണന് പശുവിനെ വിറ്റിട്ടില്ലെന്നും ഉണ്ടെങ്കില്‍ രസീതു കാട്ടണമെന്നും വാദങ്ങള്‍ നിരത്തി ഉടമകള്‍ ചെറുത്തു.
പോലീസിന്റെ ഉപദേശപ്രകാരമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ രമണന്‍ സമീപിച്ചത്. ആശാസ്യമല്ലാത്ത കച്ചവടവും തെറ്റിദ്ധരിപ്പിക്കലും ഇടപാടില്‍ നടന്നതായി കോടതി കണ്ടെത്തി. 2023-ല്‍ സമാനമായി 18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന ഉറപ്പില്‍ വാങ്ങിയ പശുവിന് രണ്ട് ലിറ്റര്‍മാത്രമേ ലഭിച്ചുള്ളു എന്ന കേസില്‍ കന്നുകാലി കച്ചവടത്തിന് രസീത് നിര്‍ബന്ധമല്ലെന്നും വിശ്വസീനയമായ മൊഴികള്‍ മതിയെന്നും സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ രേഖപ്പെടുത്തിയതും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. കേസ് നടപടികള്‍ക്കിടെ എതിര്‍കക്ഷികളില്‍ ഒരാളായ ഗൃഹനാഥന്‍ മരിക്കുകയും ചെയ്തു. കുളക്കട പാല്‍ സൊസൈറ്റിയില്‍ പാല്‍ അളന്നതിന്റെ രേഖകള്‍, പോലീസ് രേഖകള്‍, വിവരാവകാശ രേഖകള്‍, ഇടനിലക്കാരുടെ മൊഴി എന്നിവ പരിഗണിച്ചാണ് കമ്മിഷന്‍ ഉത്തരവിട്ടത്.