കൊച്ചി: വികസന കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് സിപിഎം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വീടുകളിൽ എത്തിക്കാൻ സ്വന്തം പാർട്ടിക്കാരെ വോളന്റിയർമാരാക്കി, അവർക്ക് സർക്കാരിൽ നിന്ന് പണം നൽകുന്നത് വഴി രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നത്. മാത്രമല്ല 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അതുപോലെ പാർട്ടി പ്രവർത്തകരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്. സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും ഖജനാവിൽ നിന്ന് ഇതിനായി ചിലവഴിക്കുന്ന പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കാൻ ഏതറ്റം വരെയും നിയമയുദ്ധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്കൽ ബോഡികളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്, സിഐടിയുവിന്റെ അപേക്ഷ പരിഗണിച്ചുള്ള ഈ നീക്കം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാൽ ഈ കേസിൽ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണെന്നും തന്ത്രി ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയതിൽ കൃത്യമായ വിശദീകരണം നൽകാൻ അന്വേഷണ സംഘത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുൻ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോൾ അത് പറഞ്ഞിട്ടുണ്ട്. നാളെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം. അന്വേഷണം സുതാര്യമാകണമെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീൻ സഭ ഇടപെട്ടു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലത്തീൻ സഭ ഒരിക്കലും അത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും കെപിസിസി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് മേയറെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സമുദായങ്ങളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



















































