ന്യൂഡൽഹി: രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് മാന്യമായ വിടവാങ്ങൽ നൽകാൻ പ്രതിപക്ഷം ഒരുങ്ങുന്നതായി സൂചന. ഇതിനായി വിടവാങ്ങൽ അത്താഴവിരുന്ന് നടത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഈ ചടങ്ങിലേക്കു പ്രതിപക്ഷം ധൻകറിനെ ക്ഷണിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിക്ക് ദിവസങ്ങൾക്ക് ശേഷം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ വിടവാങ്ങൽ അത്താഴത്തിന് ക്ഷണിച്ചതായി വൃത്തങ്ങൾ അറിയിച്ചുവെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്.
ആരോഗ്യപരമായ കാരണങ്ങളാരോപിച്ച് രാജിവച്ച 74 കാരനായ അദ്ദേഹത്തിന് വിടവാങ്ങൽ പ്രസംഗം നടത്താൻ അവസരം ലഭിച്ചില്ല – രാജ്യസഭാ വർക്കിംഗ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ വിടവാങ്ങൽ പ്രസംഗം ആവശ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾ പിന്നീടു ഇതിനു അവസരം ലഭിച്ചില്ലെന്നു കണ്ടു ഈ വിഷയം ഏറ്റെടുത്തു. പിന്നാലെയാണ് ധൻകറിന് യാത്രയയപ്പ് നൽകാനുള്ള തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തുന്നത്. അതേസമയം, യാത്രയയപ്പ് വാഗ്ദാനം ധൻകർ സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിക്കുകയും ചെയ്തു. അനാരോഗ്യമാണ് രാജിക്ക് കാരണമായി ധൻകർ ചൂണ്ടിക്കാണിക്കുന്നതെങ്കിലും യഥാർഥ കാരണം അതുതന്നെയാണോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്.
തിങ്കളാഴ്ച അഴിമതി അന്വേഷണം നേരിടുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ സമർപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം ധൻഖർ അംഗീകരിച്ചാണ് രാജിയിലേക്കു നയിച്ചതെന്നാണ് സൂചന. ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ ലോക്‌സഭയിൽ നടപടികൾ ആരംഭിക്കുന്നതിനായി കേന്ദ്രം ഒരു പ്രത്യേക പ്രമേയം തയ്യാറാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ എംപിമാരുടെ ഒപ്പുകൾ ഇതിനകം ലഭിച്ചിരുന്നു. ഇതോടെ പ്രതിപക്ഷത്തിന് ധൻകർ അനുമതി നൽകി. ഉടൻതന്നെ ഭരണകക്ഷി എംപിമാർ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇതോടെ മുതിർന്ന മന്ത്രിമാരെ ഉൾപ്പെടുത്തി ഒരു ഉന്നതതല യോഗം നടന്നു. തുടർന്ന് എംപിമാരോട് എതിർ പ്രമേയത്തിൽ ഒപ്പിടാനും അടുത്ത നാല് ദിവസത്തേക്ക് ഡൽഹിയിൽ തുടരാനും ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രതികരണ പദ്ധതിയെക്കുറിച്ച് അറിയിച്ചതിന് തൊട്ടുപിന്നാലെ ധൻഖർ രാജി സമർപ്പിച്ചു. അതേസമയം ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസറായി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോഡിയെ നിയമിച്ചു.