തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ പരാമര്‍ശങ്ങളെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സമാധാനപരമായ സമരമാണ് ഞങ്ങള്‍ നടത്തിയത്. പക്ഷേ, വിന്‍സെന്റ് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ്‌കുമാറിന് മുറിവേറ്റു. വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്. മാത്രമല്ല, സഭ നടത്തിക്കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും ചില എംഎല്‍എമാരും സഭ്യേതരമായ ഒരുപാട് പരാമര്‍ശങ്ങള്‍ നടത്തി. ആ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ആളുകളുടെ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല്‍ എന്തുംചെയ്യുമെന്നാണ് എംഎല്‍എ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമര്‍ശം നടത്തി.
മന്ത്രി ഗണേഷ്‌കുമാര്‍ കിട്ടിയ അവസരത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം തീര്‍ത്തു. കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി പ്രസിഡന്റ് കൂടിയായ എം വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തി. ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നു. സ്പീക്കര്‍ ഇതിനെല്ലാം കുടപിടിച്ചുകൊടുത്തു. ഒരു സമരം നടത്തിയാല്‍, ആ സമരത്തിന്റെ ഭാഗമായി സമാധാനപരമായി പ്രതിഷേധം നടത്താറുണ്ട്. ഇത് നിയമസഭയില്‍ എല്ലാ മുന്നണികളും നടത്താറുണ്ട്. പുതിയതായി വന്ന ചില അംഗങ്ങള്‍, അവരില്‍ ചിലര്‍ മന്ത്രിമാരായി പോയി, ഇതെല്ലാം ആദ്യമായി നടക്കുന്നുവെന്നരീതിയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയാണ്.
മന്ത്രി രാജേഷും മന്ത്രി രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു. സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ആലോചിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കി. ഇന്ന് മന്ത്രിമാരാണ് പ്രകോപനം സൃഷ്ടിച്ചത്. ഞങ്ങള്‍ ഇതുകൊണ്ടൊന്നും തോറ്റുപോകുന്നവരല്ല’, വി.ഡി. സതീശന്‍ പറഞ്ഞു.