ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാരണം ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, ഏപ്രില്‍ 22-ന് നാം കണ്ടവിധത്തിലുള്ള പ്രവൃത്തികള്‍ ഇനിയുണ്ടായാല്‍ അതിനു നേര്‍ക്ക് പ്രതികരണമുണ്ടാകും.
നാം ഭീകരവാദികളെ ആക്രമിക്കും, ജയ്ശങ്കര്‍ വ്യക്തമാക്കി.ഭീകരവാദികള്‍ പാകിസ്താനിലാണെങ്കില്‍, അവര്‍ എവിടെയാണോ അവിടെവെച്ച് ആക്രമിക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ തുടരുന്നതിനകത്ത് ഒരു സന്ദേശമുണ്ട്. എന്നാല്‍, ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ സൈനിക മേധാവിയുടെ മതത്തെക്കുറിച്ചുള്ള അതിതീവ്രമായ വീക്ഷണം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളെ സ്വാധീനിച്ചിരുന്നെന്നും ജയ്ശങ്കര്‍ ആരോപിച്ചു. വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കാനും വര്‍ഗീയകലാപം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പഹല്‍ഗാം ആക്രമണം നടന്നത്. മതം എന്നൊരു ഘടകംകൂടി ഉള്‍പ്പെടുത്തപ്പെട്ടു. മതപരമായി അതിതീവ്ര കാഴ്ചപ്പാടുള്ളയാളാണ് പാകിസ്താന്‍ സൈനിക മേധാവി. ചിലര്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് ചേര്‍ന്നുനില്‍ക്കും, ജയ്ശങ്കര്‍ പറഞ്ഞു.