ഗാസ: ഹമാസിന്റെ സൈനിക വിഭാഗമായ കസ്സാം ബ്രിഗേഡ്സിലെ മുതിർന്ന കമാൻഡറായ റാദ് സാദിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം. ശനിയാഴ്ച ഗാസ പട്ടികയിൽ നടന്ന ആക്രമണത്തിൽ സാദ് കൊല്ലപ്പെട്ടതായാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. 2023 ഒക്ടോബർ 7ന് ദക്ഷിണ ഇസ്രയേലിൽ നടന്ന ഹമാസ് നയിച്ച ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായിരുന്നു റാദ് സാദെന്നും ഇസ്രയേൽ പറഞ്ഞു. ഒക്ടോബർ 7 ആക്രമണമാണ് ഗാസയിൽ ഇപ്പോഴും തുടരുന്ന സംഘർഷത്തിന് തുടക്കമിട്ടത്.
രണ്ട് മാസം മുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഹമാസിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ വധമാണിതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഗാസയിലെ വെടിനിർത്തൽ രേഖയ്ക്ക് സമീപം, ഹമാസ് നിയന്ത്രണത്തിലുള്ള ഭാഗത്തെ റാഷിദ് റോഡിലൂടെ സഞ്ചരിച്ചിരുന്ന ഒരു കാറിനുനേരെയായിരുന്നു ആക്രമണമെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇന്ന് രാവിലെ ഹമാസിന്റെ വെടിനിർത്തൽ ലംഘനത്തിന് മറുപടിയായി, ഐഡിഎഫ് ഹമാസിന്റെ മുൻനിര ഭീകരനായ റാദ് സാദിനെ ഇല്ലാതാക്കി.
ഹമാസിന്റെ ഇസ്രായേൽ അധിനിവേശത്തിന്റെയും ക്രൂരമായ 10/7 അതിക്രമങ്ങളുടെയും ശിൽപ്പികളിൽ ഒരാളായിരുന്നു സാദ്- ഇസ്രയേൽ എക്സിൽ കുറിച്ചു
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, തെക്കൻ ഗാസയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് ഇസ്രയേലി സൈനികർക്ക് പരുക്കേറ്റ സംഭവത്തിന് പ്രതികാരമായാണ് റാദ് സാദിനെ വധിച്ചതെന്ന് അറിയിച്ചു. ഒക്ടോബർ 7 ആക്രമണത്തിന്റെ ശിൽപ്പികളിൽ ഒരാളായിരുന്ന സാദ് അടുത്ത കാലത്തും ഇസ്രയേലിനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നും വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചുവെന്നുമാണ് ഇസ്രയേലിന്റെ ആരോപണം.

ദീർഘകാലം ഹമാസിന്റെ അംഗമായിരുന്ന റാദ് സാദ്, ഗാസ സിറ്റി ബ്രിഗേഡിന്റെ സ്ഥാപകനും കമാൻഡറുമായിരുന്നുവെന്നും ഹമാസിന്റെ നാവിക സേന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. പിന്നീട് ഹമാസിന്റെ ഓപ്പറേഷൻസ് ഹെഡ്ക്വാർട്ടേഴ്‌സിന്റെ ചീഫായി നിയമിതനായ സാദ്, ഒക്ടോബർ 7 ആക്രമണത്തിന് നേതൃത്വം നൽകിയ എലിറ്റ് നുഖ്ബ ഫോഴ്‌സ് രൂപീകരണത്തിലും പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഈ വധം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനെ കൂടുതൽ സമ്മർദത്തിലാക്കുമെന്നാണ് വിലയിരുത്തൽ. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം നടന്ന ഇസ്രയേലി ആക്രമണങ്ങളിൽ 300ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം അറിയിച്ചു.

















































