ബാലസോർ: പഠിപ്പിച്ച അധ്യാപകൻ തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായാണ് ഒഡീഷ ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വർഷ വിദ്യാർഥിനി പ്രിൻസിപ്പലിനെ കണ്ടു പരാതി നൽകിയത്. എന്നാൽ അവർ അതു കാര്യമായെടുത്തില്ല, ബിജെപി നേതാക്കൾക്കും പരാതി നൽകി കാര്യമുണ്ടായില്ല… ഒടുവിൽ പ്രിൻസിപ്പലിന്റെ ഓഫിസു സമീപം തീകൊളുത്തി വിദ്യാർഥിനി ജീവനൊടുക്കി…
ലൈംഗിക പീഡനം സഹിക്കാനാവാതെ ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാർ സാഹുവിനെതിരെയാണ് വിദ്യാർഥിനി പരാതി നൽകിയത്. ഇതിൽ നടപടിയുണ്ടാകാതെ വന്നതോടെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. വിദ്യാർഥിനിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
90% പൊള്ളലേറ്റ് ഭുവനേശ്വർ എയിംസിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും പൊള്ളലേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. സാഹുവിനെയും കോളേജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കോളജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വർഷ വിദ്യാർഥിയായ പെൺകുട്ടി ജൂൺ 30ന് സമീര കുമാർ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയും ഒരാഴ്ച മുൻപ് കോളജ് ക്യാംപസിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പലിനെ കണ്ട് മടങ്ങിയശേഷമായിരുന്നു ആത്മഹത്യാശ്രമം. പരാതി നൽകിയിട്ടും കോളേജ് അധികൃതരോ, പോലീസോ നടപടിയെടുക്കാത്തതിനാൽ പെൺകുട്ടി മാനസിക സമ്മർദത്തിലായിരുന്നു എന്ന് മറ്റ് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഉന്നതസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അവൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സഹോദരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “രണ്ട് ദിവസം മുമ്പ് അവൾ എന്നെ ഫോണിൽ വിളിച്ച് പറഞ്ഞു. ‘ഭയ്യാ, ഞങ്ങൾ പ്രതിഷേധിക്കാൻ പോകുകയാണ്. ഞങ്ങൾ പ്രിൻസിപ്പലിനോട് ചോദിക്കും”- പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. അതിനുശേഷം നമുക്ക് പോലീസിൽ പരാതി നൽകാമെന്ന് താൻ മറുപടി പറഞ്ഞതായി സഹോദരൻ പറയുന്നു.
“പിന്നീടു രാവിലെ 11 മണിക്ക് ഞാൻ അവളോട് സംസാരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ഇത് സംഭവിച്ചുവെന്ന് അറിഞ്ഞു. ഞങ്ങൾ അവളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് എയിംസിലേക്ക് മാറ്റി”- സഹോദരൻ പറഞ്ഞു. തന്റെ സഹോദരിയുടെ പരാതി കോളേജ് അധികൃതർ ഗൗരവമായി എടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടന്നിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. ആരെയും വെറുതെ വിടില്ല. നീതിക്കായി ഏതറ്റം വരെയും പോകും. അവൾക്ക് നീതി ഉറപ്പാക്കുമെന്നും സഹോദരൻ പറഞ്ഞിരുന്നു.