വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ ന്യൂസിലൻഡിന് ആദ്യ ജയം. ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 165 റൺസിന് പുറത്തായി. 50 റൺസിനാണ് കിവീസിന്റെ ജയം. ഒരു ഘട്ടത്തിൽ പൂർണ തകർച്ച നേരിട്ട ഇന്ത്യയെ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എങ്കിലും റണ്ണൗട്ടിന്റെ രൂപത്തിൽ താരം പാതിയിൽ വീണുപോയതോട ഇന്ത്യ ആദ്യ പരാജയം അറിഞ്ഞു. ദുബെ 23 പന്തിൽ നിന്ന് 65 റൺസെടുത്തു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ (0) പുറത്തായി. രണ്ടാം ഓവറിൽ സൂര്യകുമാറും പുറത്തായതോടെ ഇന്ത്യ 9-2 എന്ന നിലയിലായി. പിന്നീട് സഞ്ജുവും റിങ്കു സിങ്ങും ചേർന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തി. സഞ്ജു മി 15 പന്തിൽ നിന്ന് 24 റൺസെടുത്ത് മടങ്ങി. മൂന്നുഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. പിന്നാലെ ഹാർദിക് പാണ്ഡ്യയും (2) കൂടാരം കയറി.
ഇതോടെ പത്തോവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലായിരുന്നു. 11-ാം ഓവറിൽ റിങ്കു സിങ്ങിനെ പുറത്താക്കി ഫോൾക്ക്‌സ് ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. 30 പന്തിൽ നിന്ന് 39 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. 82-5 എന്ന നിലയിൽ നിന്ന് പിന്നീട് ഇന്ത്യയെ ശിവം ദുബൊണ് കരകയറ്റിയത്. കിവീസ് ബൗളർമാരെ തകർത്തടിച്ച ദുബെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഇഷ് സോധി എറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളുമടക്കം 29 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 15 പന്തിൽ ഫിഫ്റ്റി തികച്ചതോടെ കിവീസ് ക്യാമ്പിൽ പരാജയം മണത്തു. എന്നാൽ 15-ാം ഓവറിലെ അവസാനപന്തിൽ ദുബെ റണ്ണൗട്ടായത് കളിയുടെ ഗതി മാറ്റി. ഹർഷിത് റാണ നീട്ടിയടിച്ച പന്ത് ബൗളറായ മാറ്റ് ഹെന്റിയുടെ കൈയിൽ തട്ടി സ്റ്റമ്പിൽ കൊണ്ടു. നോൺ സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന ദുബെ ക്രീസിൽ നിന്ന് പുറത്തായിരുന്നു. 23 പന്തിൽ നിന്ന് 65 റൺസെടുത്താണ് ദുബെ പുറത്തായത്. മൂന്ന് ഫോറുകളും ഏഴ് സികസ്‌റുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്്.
ഹർഷിത് റാണ (8) അർഷ്ദീപ് സിങ് (0), ജസ്പ്രഹീത് ബുംറ (4), കുൽദീപ് യാദവ് (1) എന്നിവർ പുറത്തായതോടെ ഇന്ത്യ തോൽവിയോടെ മടങ്ങി. 18.4 ഓവറിൽ 165 റൺസിന് ഇന്ത്യ പുറത്തായി. കിവീസിനായി ക്യാപ്റ്റൻ സാന്റ്‌നർ മൂന്നുവിക്കറ്റെടുത്തു. ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണെടുത്തത്.















































