റായ്പൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും. റെയിൽവേ, ഛത്തീസ്ഗഡ് പൊലീസ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് എടുക്കുന്നതടക്കം തുടർ നടപടി വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കമലേശ്വരി പ്രധാൻ്റെ സഹോദരിമാർ പ്രതികരിച്ചു. തങ്ങളും കുടുംബവും ആക്രമിക്കപ്പെടുമോ എന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. ഗ്രാമത്തിൽ ഉള്ളിൽ നിന്ന് തന്നെ ഭീഷണിയുണ്ട്. സങ്കടകരമായ കാര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടന്നത്. സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് സഹോദരിയെ ജോലിക്ക് അയക്കേണ്ടി വന്നത്. ഓരോ ദിവസവും കടന്നുപോകുന്നത് വലിയ വെല്ലുവിളിയിലൂടെയാണെന്നും സഹോദരിമാർ പറഞ്ഞു.