തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. 2 025 സെപ്റ്റംബർ 19ന് നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മനോജ് എബ്രഹാം വിജിലൻസ് മേധാവിയായിരിക്കെയാണ് സതീശന് ക്ലീൻ ചിറ്റ് നൽകിയത്.
റിപ്പോർട്ടിൽ സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ലെന്നും പറയുന്നു. അതുപോലെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ല, വിഡി സതീശൻ ഫണ്ട് കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപാണ് വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
അതേസമയം സതീശൻ വിദേശ ഫണ്ട് പിരിച്ചതിൽ ക്രമക്കേടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലൻസ് പറയുന്നു. സ്വകാര്യ സന്ദർശനത്തിന് കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങിയാണ് സതീശൻ വിദേശത്തേക്കു പോയത്. അത്തരത്തിൽ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലൻസ് പറയുന്നു. തുടർന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാർശ വിജിലൻസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.













