ന്യൂയോർക്കിലെ ഇറാൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ ആഢംബര ഷോപ്പിങ് നിർത്തലാക്കി ട്രംപ് ഭരണകൂടം. പതിവുപോലെ നഗരത്തിലെ ഹോൾസെയിൽ ക്ലബ് സ്റ്റോറായ കോസ്റ്റ്കോയിലെത്താനും ആഡംബര ഉൽപന്നങ്ങൾ വാങ്ങാനായെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ ട്രംപ് ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. മുൻകൂർ അനുമതി തേടാതെ ഇനി കോസ്റ്റ്കോ, സാംസ് ക്ലബ് പോലുള്ള സ്റ്റോറുകളിലേക്ക് വരേണ്ടെന്ന് നോട്ടിസും നൽകി.
അതേസമയം മറ്റൊരു രാജ്യത്തിലെയും ഉദ്യോഗസ്ഥർക്കും അമേരിക്ക ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തുകയോ നോട്ടിസ് നൽകുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇറാനെ മനപൂർവം നാണം കെടുത്തിയതുപോലെയായി. ഇറാന് വാച്ച്, ആഭരണം, ഹാൻഡ്ബാഗ്, പുതപ്പ്, വോലറ്റ്, പെർഫ്യൂം, സിഗററ്റ്, മദ്യം, പാദരക്ഷകൾ എന്നിവ മുതൽ വാഹനങ്ങൾ വരെ വാങ്ങാനാണ് വിലക്ക്.
ന്യൂയോർക്കിലെ ഇറാൻ നയതന്ത്ര കാര്യാലയത്തിലേക്കും യുഎന്നിലേക്കും എത്തുന്ന ഇറാനിയൻ ഉദ്യോഗസ്ഥരുടെ പ്രിയ ഷോപ്പിങ് കേന്ദ്രമാണ് കോസ്റ്റ്കോ, സാംസ് ക്ലബ് തുടങ്ങിയവ. ഇവിടം സന്ദർശിച്ച് വലിയതോതിലാണ് ഇവർ ഷോപ്പിങ് നടത്തിയിരുന്നതും. അമേരിക്കയും യൂറോപ്പും മറ്റും ഉപരോധം ഏർപ്പെടുത്തിയതിനാൽ, സാമ്പത്തികമായി ഒറ്റപ്പെട്ട ഇറാനിൽ ഈയിനം ആഡംബര വസ്തുക്കൾ വിപണിയിലില്ല. ഇതാണ്, അമേരിക്കയിൽ ഷോപ്പിങ് തകൃതിയാക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതും.
ഇറാൻ ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകൾമൂലം ഇറാനിയൻ ജനത പട്ടിണിയിലും സാമ്പത്തിക ഞെരുക്കത്തിലുമാണെന്നും ഈ സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ ആഡംബര വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ ഓഫിസ് ഓഫ് ഫോറിൻ മിഷൻസിന്റെ നടപടി. അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൊണ്ട് വീർപ്പുമുട്ടുകയാണ് ഇറാൻ ജനത.പലയിടത്തും വെള്ളവും വൈദ്യുതിയുമില്ല.
അത്തരമൊരു സാഹചര്യത്തിൽ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ ആഡംബര ഷോപ്പിങ് നടത്തുന്നത് അമേരിക്കയ്ക്ക് അംഗീകരിക്കാനാവില്ലെന്ന് ഓഫിസ് ഓഫ് ഫോറിൻ മിഷൻസ് മേധാവി ക്ലിഫ്ടൺ സെഗ്രോവ്സ് വ്യക്തമാക്കി. 1,000 ഡോളർ (ഏകദേശം 88,800 രൂപ) മുതൽ 60,000 ഡോളർ (53.5 ലക്ഷം രൂപ) വരെയാണ് ഷോപ്പിങ്ങിനായി ഇറാൻ ഉദ്യോഗസ്ഥർ ചെലവിട്ടിരുന്നത്. സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, വിലയേറിയ ആഭരണങ്ങൾ, കായിക ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, വൈൻ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും ഇതിലുൾപ്പെടുന്നു.
അതേസമയം സയുഎസുമായി രാഷ്ട്രീയ ഭിന്നതയുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് യുഎന്നിലേക്കുള്ള വീസ നിഷേധിക്കാനും നേരത്തേ യുഎസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസിന് വീസ നിഷേധിച്ചു. ഇറാൻ, സുഡാൻ, സിംബാബ്‍വേ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും വീസ നിഷേധിക്കാൻ ആലോചിച്ചിരുന്നു.