ലണ്ടൻ: ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യാ- പാക് ഏകദേശം നിലച്ച നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചത്. ഇതോടെ സംഘാടകർ മത്സരം വേണ്ടെന്നുവച്ചു. ഞായറാഴ്ച ബർമിങ്ങാമിലാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടത്താൻ തീരുമാനിച്ചിരുന്നത്.
അതേസമയം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത സ്വകാര്യ ടൂർണമെന്റാണ് ‘വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ്’. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിരമിച്ച താരങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. തനിക്ക് രാജ്യമാണു പ്രധാനമെന്നും മറ്റൊന്നും അതിലും വലുതല്ലെന്നുമായിരുന്നു ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. മേയ് 11 ന് എടുത്ത തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും ധവാൻ വ്യക്തമാക്കി.
സംഘാടകർക്കെഴുതിയ തുറന്ന കത്തിലാണ് പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാൻ നിലപാട് അറിയിച്ചത്. കൂടാതെ സമൂഹമാധ്യമലൂടെയും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ മറ്റു ചില താരങ്ങളും മത്സരം കളിക്കാനില്ലെന്ന് അറിയിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കുകയല്ലാതെ സംഘാടകർക്കു മറ്റു വഴികളില്ലാതായി. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം പൂർണമായും നിലച്ചിരുന്നു.