ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ചയ്ക്കുപിന്നിലെ സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ്.’There are no free lunches’ എന്ന പ്രയോഗം നടത്തിയാണ് അദ്ദേഹം കൂടിക്കാഴ്ചയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ഇതാദ്യമായല്ല യുഎസും പാക്കിസ്ഥാനും തമ്മിൽ ഇത്തരം കൂടിക്കാഴ്ച നടക്കുന്നതെന്നും ഇതിന് മുമ്പ് മൂന്നുതവണ യുഎസ് പ്രസിഡന്റുമാർ പാക് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പാക് കരസേനാ മേധാവിമാർ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിലേക്ക് മാറുന്ന ഘട്ടത്തിലാണ് ഇത്തരം കൂടിക്കാഴ്ചകൾ നടന്നതെന്നും ശേഷ് പോൾ വൈദ് വ്യക്തമാക്കുന്നു.
ഇപ്പോൾ അസിം മുനീർ പാക്കിസ്ഥാന്റെ പ്രസിഡന്റല്ലെന്നും കൂടിക്കാഴ്ച നടത്തിയത് ഒരു സൂചനയായി എടുക്കാമെന്നും അദ്ദേഹം പറയുന്നു. അതായത് അസിം മുനീർ ഭാവിയിൽ പാക് പ്രസിഡന്റ് ആകാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുപോലെ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ട്രംപിന്റെ വ്യക്തിപരമായ ചില താത്പര്യങ്ങളാകാമെന്ന സാധ്യതയും മുൻ കശ്മീർ ഡിജിപി പറഞ്ഞുവെക്കുന്നു. ക്രിപ്‌റ്റോ ബിസിനസ് നടത്തുന്നയാളാണ് ട്രംപിന്റെ മകൻ. അടുത്തിടെ ഇയാൾ പാക്കിസ്ഥാൻ സന്ദർശിക്കുകയും ചെയ്തിരുന്നു. അതിനാൽ ബിസിനസ് താത്പര്യങ്ങളാകാം ഇതിന് പിന്നിലെന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.
There are no free lunches. Is Asim Munir seizing power in Pakistan with Trump’s blessings planning to overthrow Shehbaz Sharif? Will Pakistan’s air bases be handed over to the U.S. Air Force to target Shia Iranians? Or was the meeting really about Trump’s family crypto interests… pic.twitter.com/tdGslZcx5T
— Shesh Paul Vaid (@spvaid) June 19, 2025
അതുപോലെ ഇറാനുമേലുള്ള നിയന്ത്രണത്തിനായി പാക് വ്യോമ താവളങ്ങൾ യുഎസിന് ആവശ്യമായി വന്നേക്കാമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ഈ ലക്ഷ്യം ആയിരിക്കാം എന്നുമാണ് മൂന്നാമത്തെ സാധ്യതയായി അദ്ദേഹം പറയുന്നത്. നാലാമത്തെ സാധ്യത ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ടുള്ളതാണ്. ഇമ്രാൻ ഖാൻ ജനപ്രിയ നേതാവാണെന്നും കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അസിം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയത്. ഈ കൂടിക്കാഴ്ച സംബന്ധിച്ച് ഒട്ടേറെ അഭിപ്രായങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാക്കിസ്ഥാനെ വരുതിയിലാക്കിയതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാക്കിസ്ഥാനിൽ നേരിട്ട് പ്രവേശനം ലഭിക്കുക.
അതുപോലെ ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി, യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും നൽകുന്നതിന് പകരമായി പാക്കിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനം നേടാൻ ട്രംപ് ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകൾ പാക്കിസ്ഥാൻ നിയന്ത്രിക്കുകയാണെങ്കിൽ മാത്രമേ ഈ വാഗ്ദാനം നിലനിൽക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
മാത്രമല്ല പാക്കിസ്ഥാന് വലിയ തോതിൽ സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പുതിയ സുരക്ഷാ, വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്നും മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്ക ചേർന്നാൽ, പാക്കിസ്ഥാനെ തന്റെ പക്ഷത്ത് നിർത്താൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഒരു ഉന്നത നയതന്ത്രജ്ഞൻ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.