കൊച്ചി: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (30), ഫെയ്സ്‍ക്രീം മാറ്റിവച്ചതിന് സ്വന്തം അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചൊടിച്ചത്. റിമാൻഡിലുള്ള നിവ്യയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. പരുക്കേറ്റ എഴുപതുകാരിയായ സരസുവിന് ആറുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
നിവ്യയുടെ അഞ്ചു വയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ഫെയ്സ് ക്രീം കാണാതായതിനെ തുടർന്നാണ് അമ്മയെ മർദിച്ചതിന്റെ കാരണമെന്നു പറയുന്നുണ്ടെങ്കിലും പണത്തിന്റെ പേരിലുള്ള തർക്കവും സ്വന്തം കാര്യത്തിൽ അമ്മ ഇടപെടുന്നത് ഇഷ്ടപ്പെടാതിരുന്നതുമാണ് മർദനത്തിന്റെ യഥാർഥ കാരണമെന്നു പൊലീസ് കരുതുന്നു.
2020ൽ നെട്ടൂരിൽ ഫഹദ് ഹുസൈൻ എന്ന യുവാവ് കുത്തേറ്റു ചോരവാർന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കേസുകളിലെ പ്രതിയായ നവ്യയെ സ്ഥിരം കുറ്റവാളിയായാണു പൊലീസ് കണക്കാക്കുന്നത്. പത്തു വർഷത്തോളമായി പനങ്ങാട്ടു താമസിക്കുകയാണ് സരസുവും കുടുംബവും. വീടുകളിൽ ജോലിക്കു പോയാണ് സരസു കഴിയുന്നത്. രണ്ടു പെൺമക്കളിൽ മൂത്തയാൾ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലാണ്.
എന്നാൽ നിവ്യ ഇരുപതു വയസ്സിനു ശേഷം കഞ്ചാവ്, അക്രമി സംഘങ്ങളുടെ കൂട്ടുകെട്ടിൽ പെടുകയായിരുന്നെന്നു പൊലീസ് പറയുന്നു. ക്രമേണ പനങ്ങാടും നെട്ടൂരും കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയുടെ പ്രധാനികളിലൊരാളായി നിവ്യ. ഇതിനിടെ, നിവ്യയുടെ വിവാഹം കഴിഞ്ഞതായും വൈകാതെ വേർപിരിഞ്ഞതായും വിവരമുണ്ട്.

















































